കുവൈത്തില്‍ തൊഴില്‍ വിസ അടുത്തവാരം മുതല്‍

കുവൈത്ത് സിറ്റി: രാജ്യത്ത് നിര്‍ത്തിവെച്ചിരുന്ന തൊഴില്‍ വിസ അടുത്ത ആഴ്ച മുതല്‍ പുനരാരംഭിക്കും. കര്‍ശനമായ നിബന്ധനകളോടെ തൊഴില്‍ അനുമതിപത്രം അനുവദിക്കുന്നതിനാണ് തൊഴില്‍ സാമൂഹ്യ മന്ത്രാലയും ആലോചിക്കുന്നതെന്ന് മന്ത്രാലയം ഉന്നതതല വക്താവ് അറിയിച്ചു. റിക്രൂട്ട് ചെയ്യുന്ന വിദേശതൊഴിലാളിയുടെ പേരില്‍ തൊഴിലുടമ 250 കുവൈത്ത് ദിനാര്‍ ബാങ്ക് ഗാരന്റി കെട്ടിവയ്ക്കണം. തൊഴിലനുമതി പത്രത്തിന് അപേക്ഷ നല്‍കുന്നതിനോടൊപ്പം ബാങ്ക് ഗാരന്റി സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്. ബാങ്ക് ഗാരന്റിയും തൊഴിലുടമയുടെ സത്യവാങ്മൂലവും ഇല്ലാതെ തൊഴിലനുമതി പത്രം അഥവാ വര്‍ക്‌പെര്‍മിറ്റ് അനുവദിക്കുന്നതല്ല.

അതേ സമയം ബാങ്ക് ഗാരന്റി തുക തൊഴിലുടമയ്ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാതെ ബാങ്കില്‍ കെട്ടിക്കിടക്കുന്നത് മൂലം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത കണക്കിലെടുക്കണമെന്ന് തൊഴിലുടമകള്‍ ഇതിനകം തൊഴില്‍ മന്ത്രാലയത്തില്‍ പരാതിപ്പെട്ടതായും വക്താവ് അറിയിച്ചു.

അതേസമയം ബാങ്ക് ഗാരന്റിയില്‍ മീന്‍പിടുത്ത തൊഴിലാളികളെയും കാര്‍ഷികതൊഴിലാൡകളെയും ഒഴിവാക്കണമെന്ന് കുവൈത്ത് ഫിഷര്‍ മാന്‍ യൂണിയന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വിഭാഗം കൂടുതല്‍ പഠനങ്ങള്‍ നടത്തിവരുന്നതായും വക്താവ് കൂട്ടിച്ചേര്‍ത്തു. ഈ വിഭാഗത്തില്‍പ്പെട്ടവരെ അധിക സാമ്പത്തിക ബാധ്യതകളില്‍ നിന്നും ഒഴിവാക്കണമെന്ന് കുവൈത്ത് ഫിഷര്‍മാന്‍ യൂണിയന്‍ തൊഴില്‍ സാമൂഹ്യവകുപ്പ്മന്ത്രി ഹിന്‍ അല്‍ സബീഹിനോട് ആവശ്യപ്പെട്ടു. വര്‍ക്ക് പെര്‍മിറ്റിനുള്ള ബാങ്ക്ഗാരന്റി, വിസമാറ്റം, വര്‍ക്‌പെര്‍മിറ്റ് പുതുക്കല്‍ തുടങ്ങിയ സര്‍വീസുകള്‍ക്കുള്ള ഫീസ് ഒഴിവാക്കണമെന്നും യൂണിയന്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.

Loading...