തൊഴിൽ സ്ഥിരതയും മിനിമം വേതനവുമില്ല; നെടുമ്പാശേരി വിമാനത്താവളത്തിലെ 4000 ത്തോളം കരാർ തൊഴിലാളികൾ സമരത്തിലേക്ക്

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കരാർ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. 16 കരാര്‍ കമ്പനികളിലെ 4000ത്തോളം കരാര്‍ തൊഴിലാളികളാണ് സമരത്തിനൊരുങ്ങുന്നത്. വേതന വര്‍ദ്ധനവും തൊഴില്‍ സ്ഥിരതയും ആവശ്യപ്പെട്ട് ഈ മാസം 19 ന് വൈകിട്ട് 3 ന് എയര്‍പോര്‍ട്ട് കവാടത്തില്‍ സിയാല്‍ എംപ്ലോയീസ് യൂണിയന്‍ സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു.

കരാര്‍ തൊഴിലാളികള്‍ക്ക് മിനിമം കൂലി 18000 രൂപയാക്കുക, സിയാലില്‍ വിശ്രമ കേന്ദ്രം അനുവദിക്കുക, സിയാല്‍ ആരംഭിച്ചിട്ടുള്ള ക്യാന്‍റീനിലെ ഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുകയും കരാര്‍ ലംഘനം പരിശോധിക്കുകയും ചെയ്യുക, സിയാലും പുറംകരാര്‍ കമ്പനികളുമായി ഒപ്പുവയ്ക്കുന്ന കരാര്‍ വ്യവസ്ഥകളില്‍ കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരിക, നിലവില്‍ കരാര്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ സംരക്ഷണവും,

Loading...

നിലവിലെ ശമ്പളം ഉറപ്പാക്കും വിധം പുതിയ കരാര്‍ എടുക്കുന്ന കമ്പനികളുമായി സിയാല്‍ വ്യവസ്ഥ ഉണ്ടാക്കുക, കരാര്‍ കാലാവധി അവസാനിച്ചുപോകുന്ന കമ്പനികള്‍ ശമ്പളം കുടിശികവരുത്തുകയോ, ഇഎസ്‌ഐ, പി.എഫ് തുടങ്ങിയവ മുടക്കം വരുത്തുകയോ ചെയ്തിട്ടില്ലെന്ന് സിയാല്‍ ഉറപ്പാക്കുക, നിയമാനുസൃതമായ ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്കെതിരെ സിയാല്‍ നടപടി സ്വീകരിക്കുക, നോട്ടീസ് നല്‍കാതെ തൊഴിലാളികളുടെ ശമ്പളം പിടിച്ചെടുക്കുന്നില്ലെന്ന് സിയാല്‍ ഉറപ്പാക്കുക, ദീര്‍ഘകാല കരാര്‍ കാലാവധി പൂര്‍ത്തിയായിട്ടും പുതിയ ശമ്പള വര്‍ദ്ധന കരാര്‍ അംഗീകരിക്കുവാന്‍ തയ്യാറാകാത്ത നൈപുണ്യ, ഇമ്മാനുവല്‍, ബി.സി.എല്‍., എ-വണ്‍, ഓംകാര്‍, ആനന്ദ് ട്രോളി, ഒമേഗ കാര്‍ പാര്‍ക്കിംഗ്, മില്ലേനിയം തുടങ്ങിയ കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നിങ്ങനെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സിയാല്‍ കവാടത്തിനു മുമ്പില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്.

പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഏപ്രില്‍ ആദ്യവാരം പണിമുടക്ക് അടക്കമുള്ള അതിശക്തമായ പ്രക്ഷോഭത്തിന് യൂണിയന്‍ നേതൃത്വം നല്‍കും. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിക്കും, തൊഴില്‍ വകുപ്പുമന്ത്രിക്കും, സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ക്കും നിവേദനം സമര്‍പ്പിച്ചുട്ടുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സിയാല്‍ എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അഡ്വ.എന്‍.സി മോഹനന്‍, പ്രസിഡന്‍റ് ഇ.പി. സെബാസ്റ്റ്യന്‍, സെക്രട്ടറിമാരായ എ.എസ്. സുരേഷ്, സ്റ്റഡിന്‍ സണ്ണി എന്നിവര്‍ പറഞ്ഞു.