നിങ്ങളെ കാത്തിരിക്കുന്നത് കൊള്ള സംഘമാവാം; രാത്രിയില്‍ റോഡില്‍ ലിഫ്റ്റ് ചോദിച്ച് കെണി ഒരുക്കി സ്ത്രീകള്‍!

ചെന്നൈ: രാത്രി സമയങ്ങളില്‍ റോഡില്‍ സ്ത്രീകള്‍ വാഹനത്തിന് ലിഫ്റ്റ് ചോദിച്ച് നില്‍ക്കുകയാണെങ്കില്‍ ശ്രദ്ധിക്കുക. നിങ്ങളെ കാത്തിരിക്കുന്നത് കൊള്ള സംഘമാവാം. തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇവിടെ വിജനമായ റോഡില്‍ ഒറ്റയ്ക്ക് കാറോടിച്ച് വരുന്നവരെ കാത്താണ് അക്രമി സംഘം കെണിയൊരുക്കി നില്‍ക്കുന്നത്. സ്ത്രീകള്‍ സഹായം അഭ്യര്‍ത്ഥിച്ച് വാഹനം തടഞ്ഞ് നിര്‍ത്തുകയും കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ ഒളിച്ചിരിക്കുന്ന അക്രമി സംഘം കത്തികാട്ടി യാത്രക്കാരുടെ സ്വര്‍ണാഭരണമടക്കം കവരുന്നതാണ് ഈ സംഘത്തിന്റെ രീതി.

കഴിഞ്ഞ തിങ്കളാഴ്ച ചെന്നൈ നഗരത്തിനടുത്തായി കാറില്‍ സഞ്ചരിച്ച വിശ്വനാഥന്‍ എന്നയാള്‍ക്ക് ഇത്തരത്തില്‍ നഷ്ടമായത് സ്വര്‍ണമാലയും മോതിരവുമാണ്. പരാതി ലഭിച്ചയുടന്‍ പോലീസ് സംഭവ സ്ഥലത്തെത്തുകയും റോഡില്‍ അടുത്ത വാഹനം കാത്തു നില്‍ക്കുകയായിരുന്ന രണ്ട് സ്ത്രീകളടക്കം നാല് പേരെ പിടികൂടുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

Top