പ്രസവത്തിനിടെ യുവതി മരിച്ചു, ചികിത്സാപിഴവെന്ന് ആരോപണം

ചികിത്സാപിഴവ് മൂലം രോഗികള്‍ മരിക്കുന്നത് നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തിനിടെ യുവതി മരിച്ചു. ആര്‍പ്പൂക്കര വില്ലൂന്നി ഇല്ലിച്ചിറയില്‍ നിബു മോന്റെ ഭാര്യ അഞ്ജന ഷാജി (27) ആണ് മരിച്ചത്. പ്രസവത്തെ തുടര്‍ന്ന് അഞ്ജനയുടെ ആരോഗ്യ നില മോശമാകുകയും മരണം സംഭവിക്കുകയും ആയിരുന്നു. അതിനിടെ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് അഞ്ജന മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയത് സംഘര്‍ഷത്തിന് കാരണമായി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

അഞ്ജനയുടെ ആദ്യ പ്രസവം ആയിരുന്നു. 3 മാസമായി മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലായിരുന്നു പരിശോധനകള്‍ . ഇന്നലെയാണ് പ്രസവ തീയതി പറഞ്ഞിരുന്നത്. 3 ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് നാലിന് പ്രസവ മുറിയിലാക്കി. രാത്രി 8.30 ന് പ്രസവം നടന്നതായും പെണ്‍കുഞ്ഞ് ആണെന്നും ഡ്യൂട്ടി നഴ്‌സ് പറഞ്ഞു.

Loading...

ഏതാനും മിനിറ്റു കഴിഞ്ഞതോടെ അഞ്ജനയ്ക്കു ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നതായും അതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയാണെന്നും അറിയിച്ചു. അല്‍പനേരം കഴിഞ്ഞപ്പോള്‍ രക്തസ്രാവം കൂടുതലാണെന്നും രക്തസമ്മര്‍ദം താഴ്ന്നതായും അതിനാല്‍ രക്തം നല്‍കുകയാണെന്നും ഡ്യൂട്ടി ഡോക്ടര്‍ വ്യക്തമാക്കി. പിന്നീട് വിവരം അറിയാന്‍ വൈകിയതോടെ തീവ്രപരിചരണ വിഭാഗത്തിന്റെ വാതില്‍ തള്ളി തുറന്ന് അകത്തു കയറി.

അപ്പോഴാണ് മരണ വിവരം ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കള്‍ ബഹളം വച്ചതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിളിച്ചു വരുത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടം മോര്‍ട്ടം ചെയ്യണമെന്നും ആശുപത്രി അധികൃതര്‍ നിലപാടെടുത്തു. എന്നാല്‍ അഞ്ജനയുടെ പിതാവ് ഷാജി, മരണത്തില്‍ പരാതിയില്ലെന്ന് രേഖാമൂലം എഴുതി നല്‍കി. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ഒഴിവാക്കി പുലര്‍ച്ചെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നമാണ് അഞ്ജനയ്ക്കു ഉണ്ടായതെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രസവ ശേഷം രക്തം കട്ടപിടിക്കാത്ത സ്ഥിതിയായിരുന്നു. ഇതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി തുടര്‍ച്ചയായി രക്തം നല്‍കി. 20 കുപ്പി രക്തം നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. രോഗിയുടെ ആരോഗ്യ അവസ്ഥ ഓരോ ഘട്ടത്തിലും ബന്ധുക്കളെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.