വിവാഹത്തിന് മുമ്പ് ഗർഭിണിയായ മകളെ അമ്മയും സഹോദരന്മാരും ചേർന്ന് കൊലപ്പെടുത്തി

ഹൈദരാബാദ്: വിവാഹത്തിന് മുമ്പ് ഗർഭിണിയായ മകളെ അമ്മയും സഹോദരന്മാരും ചേർന്ന് കൊലപ്പെടുത്തി. സോണി – ദേവ്‌ല ഇസ്ലാവത്ത് ദമ്പതികളുടെ മകൾ മഞ്ജുളയാണ് മരിച്ചത്. ഭർത്താവിന്റെ മരണശേഷം സോണിയും മൂന്നു മക്കളും കട്‌ത്താൽ മണ്ടൽ എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഒരു മാസമായി മഞ്ജുളയ്‌ക്ക് സുഖമില്ലാത്തതിനാൽ അടുത്തുള്ള ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. എന്നാൽ അസുഖം മാറാത്തതിനെ തുടർന്ന് സംശയം തോന്നിയ സോണി കൂടുതൽ പരിശോധനകൾക്കായി മഞ്ജുളയെ കൊണ്ടുപോയപ്പോഴാണ് ഗർഭിണിയാണെന്ന് ബോധ്യപ്പെട്ടത്. വീട്ടിലെത്തിയ ശേഷം പെൺകുട്ടിയെ ചോദ്യം ചെയ്‌തെങ്കിലും അവർ ഒന്നും തുറന്നു പറയാൻ തയ്യാറായില്ല. തുടർന്ന് മഞ്ജുളയുടെ സഹോദരൻ വടികൊണ്ട് പെൺകുട്ടിയുടെ തലയ്‌ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് വീണ മഞ്ജുള സംഭവസ്ഥലത്തു തന്നെ മരിച്ചു.

ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ പെൺകുട്ടിയുടെ വായിൽ ഇവർ കീടനാശിനി ഒഴിച്ചുകൊടുക്കുകയും ചെയ്‌തു. തുടർന്ന് ശരീരം അടക്കംചെയ്‌തു. മഞ്ജുളയുടെ മരണത്തെ തുടർന്ന് അപവാദങ്ങൾ പ്രചരിച്ചതാണ് സംഭവം പുറത്തുവരാൻ കാരണം. മഞ്ജുളയുടെ ശരീരം പുറത്തെടുത്തു നടത്തിയ പോസ്‌റ്റ്മോർട്ടത്തിൽ തലക്കേറ്റ അടിയാണ് മരണകാരണം എന്ന് വ്യക്തമായി. ഇവർ നാലു മാസം ഗർഭിണിയായിരുന്നു. പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.

Loading...