ഭഗവല്‍ സിങ്ങിനെ കൊന്ന് ഒന്നിച്ച് ജീവിക്കാന്‍ ലൈലയും ഷാഫിയും തീരുമാനിച്ചു

കൊച്ചി. രണ്ട് സ്ത്രീകളെ നരബലി നടത്തിയ കേസിലെ പ്രതികളായ ലൈലയും മുഹമ്മദ് ഷാഫിയും ലൈലയുടെ ഭര്‍ത്താവ് ഭഗവല്‍ സിങ്ങിനെ കൊലപ്പെടുത്തുവാന്‍ തീരുമാനിച്ചതായി സൂചന. ഭഗവല്‍ സിങ്ങിനെ കൊലപ്പെടുത്തിയ ശേഷം ലൈലയും ഷാഫിയും ഒരുമിച്ച് താമസിക്കുവനായിരുന്നു പദ്ധതി. പ്രതികള്‍ നരബലിക്ക് ശേഷം നരഭോജനവും നടത്തിയതായി പോലീസ് പറയുന്നു. രണ്ടര മാസം മുമ്പ് കൊല ചെയ്യപ്പെട്ട റോസ്ലിയുടെ ശരീരഭാഗങ്ങള്‍ പ്രതികള്‍ കഴിച്ചതായി പോലീസ് പറയുന്നു.

ഇരട്ട നരബലി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ കസ്റ്റഡി അപേക്ഷ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ഇന്ന് പരിഗണിക്കും. പെരുമ്പാവൂര്‍ വെങ്ങോല വേഴപ്പിള്ളി വീട്ടില്‍ മുഹമ്മദ് ഷാഫി (52), നാട്ടുവൈദ്യനായ പത്തനംതിട്ട ഇലന്തൂര്‍ കാരംവേലി കടംപള്ളി വീട്ടില്‍ ഭഗവല്‍ സിംഗ് (68), ഇയാളുടെ രണ്ടാം ഭാര്യ ലൈല എന്നിവരാണ് കേസിലെ പ്രതികള്‍.

Loading...

പ്രതികളെ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി 12 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. കൂടുതല്‍ ശാസ്ത്രീയ തെളിവ് ശേഖരിക്കേണ്ടതുണ്ടെന്നും പ്രതികള്‍ സമാനരീതിയില്‍ മറ്റാരെയെങ്കിലും കെണിയില്‍ പെടുത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. പ്രതികളെ രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ട സ്ത്രീകളുടെ ആഭരണങ്ങള്‍ കണ്ടെടുക്കാനുള്ള നടപടികളും ഇന്ന് തുടങ്ങിയേക്കും.

ആതേസമയം, ഭഗവല്‍ സിംഗിന്റെ കുടുംബത്തിന് ലക്ഷങ്ങളുടെ കടബാദ്ധ്യതകള്‍ ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2015ല്‍ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി വീടും പുരയിടവും ഈട് നല്‍കി ഇലന്തൂര്‍ സഹകരണ ബാങ്കില്‍ നിന്ന് എട്ടര ലക്ഷം രൂപ വായ്പയെടുത്തിരുന്നു. മറ്റ് ബാങ്കുകളില്‍ നിന്നും കുടുംബം വായ്പയെടുത്തിരുന്നുവെന്നാണ് വിവരം.