ലക്ഷദ്വീപിൽ സമ്പൂർണ ലോക്ക്ഡൗൺ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി. കൊവിഡ് വ്യാപനം കുറയുന്നില്ലെന്ന് കാരണം ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന ലക്ഷദ്വീപിൽ നിലവിൽ ഏഴായിരത്തിലേറെ പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഭരണകൂടത്തിന്റെ അശ്രദ്ധയാണ് കൊവിഡ് വ്യാപനത്തിന് കാരണമെന്നാണ് ആരോപണം.
ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രി ആയിരുന്ന പ്രഫുൽ പട്ടേൽ ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ ചുമതല ഏറ്റെടുത്തതിനു പിന്നാലെ വിവിധ നടപടികളിലൂടെ ദ്വീപിന് പുറത്ത് നിന്നുള്ളവരെ ക്വാറന്റീൻ കൂടാതെ ദ്വീപിൽ പ്രവേശിപ്പിക്കുകയും കൊവിഡ് വ്യാപനത്തിന് കാരണമാവുകയും ചെയ്തു എന്ന ആക്ഷേപം ശക്തമാവുകയാണ്. കൊവിഡ് വ്യാപനത്തിന് പുറമെ ബീഫ് നിരോധനമടക്കമുള്ള നിയമങ്ങൾ കൊണ്ടുവരികയും ദ്വീപിലെ സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ദ്വീപിൽ ഗോവധനിരോധനം ഏർപ്പെടുത്തുക പോലുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തു. ഇതിനെതിരെ ദ്വീപ് നിവാസികളുടെ പ്രതിഷേധം രൂക്ഷമാവുകയാണ്. ഇന്ന് ദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളം പ്രമേയം പാസാക്കി.