രാമവര്‍മപുരം ഗവ. വൃദ്ധസദനത്തില്‍നിന്ന് നാദസ്വരമേളമുയര്‍ന്നു. കല്ല്യാണപുടവയും മുല്ലപ്പൂവുമണിഞ്ഞ് ലക്ഷ്മിയമ്മാള്‍ കടന്നെത്തി. വരന് കൊച്ചനിയനെ നേരത്തെ വേദിയിലേക്കാനയച്ചിരുന്നു. അന്തേവാസികള്‍ കൂട്ടിവച്ചുണ്ടാക്കിയ സമ്ബാദ്യത്താല് വാങ്ങിയ താലിമാല അമ്മാളിന്റെ കഴുത്തില്‍ കൊച്ചനിയന് അണിഞ്ഞു. മന്ത്രി വി എസ് സുനില്‍കുമാര്‍ ഇരുവരുടെയും കൈകള്‍ ചേര്‍ത്തുവച്ചു. ഇത് സര്‍ക്കാര്‍ വൃദ്ധസദനത്തിലെ താമസക്കാര്‍ ഒന്നിക്കുന്ന കേരളത്തിലെ ആദ്യവിവാഹം.
ഇവിടത്തെ താമസക്കാരായ കൊച്ചനിയന് (67), ലക്ഷ്മിയമ്മാള്‍ (66) എന്നിവരാണ് ശനിയാഴ്ച രാവിലെ 11ന് വിവാഹിതരായാത്.
തൃശൂര്‍ പഴയനടക്കാവ് സ്വദേശിനിയായ ലക്ഷ്മിയമ്മാള്‍ പതിനാറാം വയസില്‍ വിവാഹിതയായിരുന്നു. പാചക സ്വാമിയെന്ന് അറിയപ്പെടുന്ന 48 കാരനായ കൃഷ്ണയ്യര്‍ സ്വാമിയായിരുന്നു ഭര്‍ത്താവ്. അക്കാലത്ത് വടക്കുംനാഥ ക്ഷേത്രത്തില്‍ നാഗസ്വരം വായിക്കാനെത്തിയതായിരുന്നു കൊച്ചനിയന്. ദിവസും ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന സ്വാമിയേയും ലക്ഷ്മിയമ്മാളിനെയും കൊച്ചനിയന് കാണാറുണ്ട്. സൗഹൃദത്തെതുടര്‍ന്ന് പിന്നീട് നാഗസ്വരം വായനനിര്‍ത്തി കൊച്ചനിയന് സ്വാമിയുടെ പാചകസഹായിയായിമാറി. 20വര്‍ഷംമുമ്ബ് കൃഷ്ണസ്വാമി മരണപ്പെട്ടു. മക്കളില്ലാതെ ഒറ്റക്കായ ലക്ഷ്മിയമ്മാളെ പുനര്‍വിവാഹം കഴിക്കാന്‍ കൊച്ചനിയന് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സമ്മതിച്ചില്ല. കൊച്ചനിയന് പിന്നീട് വിവാഹിതനായെങ്കിലും വര്‍ഷങ്ങള്‍ക്കുമുമ്ബ് ഭാര്യ മരിച്ചു. ഒന്നരവര്‍ഷംമുമ്ബാണ് ലക്ഷ്മിയമ്മാള്‍ രാമവര്‍മപുരം വൃദ്ധസദനത്തിലെത്തിയത്. കൊച്ചനിയന് അമ്മാളെ കാണനെത്താറുണ്ട്. ഇതിനിടെ ഗുരുവായൂരില്‍ കുഴഞ്ഞുവീണ കൊച്ചനിയനെ ആശുപത്രിയിലും പിന്നീട് വയനാട് വൃദ്ധമന്ദിരത്തിലുമാക്കി. ഇവിടെവച്ച് ലക്ഷ്മിയമ്മാളെക്കുറിച്ച് പറഞ്ഞപ്പോള്‍ രണ്ടുമാസംമുമ്ബാണ് രാമവര്‍മപുരത്ത് എത്തിച്ചത്.