ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രം ചാന്തു പൊട്ട് വലിയ വിജയമായിരുന്നു. ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ച രാധ എന്ന കഥാപാത്രം വളരെയധികം കൈയ്യടി നേടി. എന്നാല്‍ ചില കോണുകളില്‍ നിന്നും എതിര് സ്വരങ്ങളും ഉണ്ടായിരുന്നു. ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ചിത്രത്തെയും രാധ എന്ന കഥാപാത്രത്തെയും കുറിച്ചുള്ള വിവരങ്ങള്‍ തുറന്നു പറയുകയാണ് സംവിധായകന് ലാല്‍ ജോസ്.
ചാന്തുപൊട്ട് സിനിമയിലെ നായകന് രാധാകൃഷ്ണന് ട്രാന്‍സ് ജെന്‍ഡര്‍ അല്ലെന്ന് സംവിധായകന് ലാല്‍ ജോസ് പറയുന്നു. ചാന്ത് പൊട്ട് ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തെ അവഹേളിക്കുന്ന സിനിമയെന്ന വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചാന്ത് പൊട്ടിന്റെ പേരില്‍ എന്നെ കടിച്ചുകീറാന്‍ വന്നവരൊന്നും അറിയാത്ത കാര്യം ചാന്ത് പൊട്ടിലെ രാധ എന്ന രാധാകൃഷ്ന് പുരുഷനാണ്. അവന്റെ ജെന്‍ഡറിനെക്കുറിച്ച് യാതൊരു സംശയവുമില്ല. അവന് ആ സിനിമയില്‍ ഒരു പെണ്‍കുട്ടിയെ ആണ് പ്രണയിക്കുന്നത്, അവനൊരു കുട്ടി പിറക്കുന്നുണ്ട്. രാധാകൃഷ്ണന് ആകെയുണ്ടായിരുന്നത് പെരുമാറ്റത്തിലെ സ്ത്രൈണതയാണ്, അത് വളര്‍ന്ന സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ്. ലാല്‍ജോസ് ഒരു അഭിമുഖത്തില്‍ പറയുന്നു.
ചാന്ത് പൊട്ട് എന്നത് സിനിമയ്ക്ക് ശേഷം ട്രാന്‍സ് സമൂഹത്തിന് നേരെയുള്ള അധിക്ഷേപമായിരുന്നുവെന്ന വിമര്‍ശനത്തോടും ലാല്‍ ജോസ് പ്രതികരിക്കുന്നുണ്ട്. പാര്‍വതി ഒരാളോട് ചാന്ത് പൊട്ടിന്റെ പേരില്‍ തനിക്ക് വേണ്ടി മാപ്പ് പറഞ്ഞത് എന്തിനാണെന്ന് മനസിലായില്ല, അത് ശുദ്ധ ഭോഷ്ക് ആണെന്നും ലാല്‍ ജോസ്. ട്രാന്‍സ് സമൂഹം ചാന്ത്്് പൊട്ട് സിനിമയ്ക്ക് ശേഷം അടുത്ത സൗഹൃദമാണ് പുലര്‍ത്തിയതെന്നും ലാല്‍ ജോസ് വ്യക്തമാക്കി.
അതേസമയം എന്നാല്‍ താന്‍ ചാന്തുപൊട്ടിലെ കേന്ദ്ര കഥാപാത്രം ട്രാന്‍സ് ആയ വ്യക്തിയാണെന്ന് തന്റെ ട്വീറ്റില്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും, മറിച്ച് എല്‍.ജി.ബി.ടി.ക്യു സമൂഹത്തിന്റെ പോരാട്ടത്തോടുള്ള തന്റെ സഹാനുഭൂതിയും, ഒരു കലാരൂപം എന്ന തലത്തില്‍ സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുവെന്ന സത്യം അംഗീകരിക്കുകയും ചെയ്യുന്നതായിരുന്നു തന്റെ പ്രതികരണമെന്നും പാര്‍വതി പറയുന്നു.
നേരത്തെ ചാന്ത്പൊട്ട് എന്ന സിനിമ അത്തരം സ്ത്രൈണ സ്വഭാവം വ്യക്തിജീവിതത്തെ ഒരു തരത്തിലും സ്വാധീനിക്കുന്നില്ലെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു ഇത്തരം ഒരു ന്യായികരണം ഉന്നയിച്ചവര്ക്കെതിരായിട്ടാണ് സ്വന്തം ജീവിതത്തില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ നിരത്തി മുഹമ്മദ് ഉനൈസ് എന്ന ഒരു യുവാവ് രണ്ടു വര്‍ഷം മുന്‍പ് സമൂഹമാധ്യമങ്ങളിലിട്ട ഒരു പോസ്റ്റില്‍ ആണ് പാര്‍വതി ഖേദം പ്രകടിപ്പിച്ചത്. പോസ്റ്റില്‍ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ് – അന്ന് ‘ട്യൂഷനില്‍ മലയാളം അധ്യാപകന് പഠിപ്പിച്ചുകൊണ്ടിരുന്നതിനിടയില്‍ എന്നെ ചൂണ്ടിക്കാട്ടി ഇവന് പുതിയ സിനിമയിലെ ചാന്തുപൊട്ട് പോലെയാണന്ന് പറഞ്ഞപ്പോള്‍ ക്ലാസ് അട്ടഹസിച്ചു ചിരിച്ചു. എല്ലാവരുടെയും ആ അട്ടഹാസച്ചിരിയില്‍ എനിക്കനുഭവപ്പെട്ടത് നെഞ്ചിന്‍കൂട് പൊട്ടുന്ന വേദനയായിരുന്നു. ആ സംഭവത്തോടെ ആ ട്യൂഷന് നിര്‍ത്തി.എന്നാല്‍ ആ വിളിപ്പേര് തൊട്ടടുത്ത ദിവസം തന്നെ സ്കൂളിലുമെത്തി. ഏറെ ഹിറ്റായി ഓടിയ, ക്വീയര്‍ ന്യൂനപക്ഷ വിരുദ്ധത തിങ്ങിനിറഞ്ഞ ആ സിനിമ തിയേറ്ററില്‍നിന്ന് പോയെങ്കിലും ‘ചാന്തുപൊട്ട്’ എന്ന വിളിപ്പേര് നിലനിര്‍ത്തിത്തന്നു. (ആ സിനിമ ഇറങ്ങിയ കാലത്ത് അതനുകരിച്ച്, തല്ലുകിട്ടിയ ആളുകളെ ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷം കണ്ടിട്ടുണ്ട്)’.