മണ്ണെടുപ്പ് തടഞ്ഞ ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചുകൊന്നു; സംഭവം കാട്ടാക്കടയില്‍

തിരുവനന്തപുരം: സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് തടഞ്ഞ ഭുവുടമയെ ജെസിബി ഉപയോഗിച്ച് അതിക്രൂരമായി അടിച്ചുകൊന്നു. കാട്ടാക്കടയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. അമ്പലത്തിന്‍കാല സ്വദേശി സംഗീതിനെയാണ് ഗുണ്ടാസംഘം കൊലപ്പെടുത്തിയത്. മണ്ണെടുക്കാനുപയോഗിക്കുന്ന ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ചാണ് അക്രമികള്‍ സംഗീതിനെ കൊലപ്പെടുത്തിയത്.

പ്രവാസി വ്യവസായിയാണ് കൊല്ലപ്പെട്ട സംഗീത്. മണ്ണെടുപ്പ് ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് കൊലപാതകമുണ്ടായത്.സംഭവത്തിനുശേഷം പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.തിയെന്ന് സംശയിക്കുന്ന ചാരുപാറ സ്വദേശി സജു ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Loading...

രാത്രി മണ്ണെടുപ്പ് ചോദ്യം ചെയ്തപ്പോൾ വീടിന്‍റെ മതിൽ ഇടിച്ചുതകർത്ത് ജെസിബി മുന്നോട്ട് പോവുകയായിരുന്നെന്നും ഇത് തടയാൻ ശ്രമിച്ചപ്പോളാണ് സംഗീതിനെ കൊലപ്പെടുത്തിയതെന്നും കാട്ടാക്കട പഞ്ചായത്തംഗം സുനിൽ പറഞ്ഞു. നേരത്തെ ഫോറസ്റ്റുകാർ മണ്ണെടുത്തുകൊണ്ടിരുന്ന സ്ഥലമാണിതെന്നാണ് റിപ്പോർട്ടുകൾ. സ്ഥലത്ത് മണൽ മാഫിയ സജീവമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. ജെസിബിയുമായി സംഗീതിന്റെ പറമ്പിലേക്കെത്തിയ പ്രതികള്‍ ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അതേസമയം പ്രതികളെ തിരിച്ചറിയാമെന്നും ഉത്തമന്‍, സജു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നെന്നും കൊല്ലപ്പെട്ട സംഗീതിന്റെ ഭാര്യ സംഗീത പറഞ്ഞു.ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് അക്രമിസംഘം മണ്ണെടുപ്പിനെത്തിയത്.

പിന്നീട് ഇവര്‍ ഉദ്യോഗസ്ഥരല്ലെന്ന് തിരിച്ചറിഞ്ഞതോടെ സ്ഥലത്തേക്കെത്തി മണ്ണെടുപ്പ് ചോദ്യംചെയ്തതോടെയാണ് അക്രമിസംഘം സംഗീതിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.