ലേസറുകള്‍ ശസ്ത്രക്രീയ രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കുന്നു: ചരടുകള്‍ക്ക് വിട; മുറിവുകള്‍ തുന്നിച്ചേര്‍ക്കും പാടുകളില്ലാതെ

ടെൽ അവീവ്: ശാസ്ത്രക്രിയ രംഗത്ത് പുതിയ കണ്ടുപിടിത്തവുമായി ശാസ്ത്രം മുന്നേറുന്നു ശരീരം കീറി മുറിച്ചുകൊണ്ട് ആഴ്ന്നിറങ്ങുന്ന സർജിക്കൽ ബ്ളേഡുകൾ ശേഷിപ്പിക്കുന്ന പാടുകളും മുറിവു തുന്നിച്ചേർക്കുന്നത് മൂലമുണ്ടാകുന്ന പാടുകളും ഇനി ശരീരത്തിൽ ഉണ്ടാവില്ല. ലേസർ കിരണങ്ങൾ ഉപയോഗിച്ച് മുറിവ് ചേർക്കാനുള്ള ശ്രമം വിജയിച്ചതിന്റെ ആഹ്ളാദത്തിലാണ് ശാസ്ത്രജ്ഞർ. കോശങ്ങൾ ‘വെൽഡ്” ചെയ്ത് ചേർക്കുന്ന സാങ്കേതികത വിജയത്തിലേക്കെത്തിച്ചത് ഇസ്രയേലിൽ ടെൽ അവീവ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ്.

പരമ്പരാഗത രീതിയിലുള്ള തുന്നിക്കെട്ടലും പശവച്ചുള്ള ഒട്ടിപ്പും ഇനി രണ്ടാംകിട ഏർപ്പാടായി മാറും. ലേസർ രശ്മികൾ ഉപയോഗിച്ച് കോശങ്ങൾ ചൂടാക്കി ഒട്ടിച്ചുചേർക്കുന്നതോടെ പാട് അവശേഷിപ്പിക്കാതെ മുറിവു ചേർക്കാൻ കഴിയുമെന്ന് കണ്ടെത്തിയതായി ഗവേഷക സംഘത്തിലെ അപ്ളൈഡ് ഫിസിക്സ് വിഭാഗം തലവൻ അബ്രഹാം കട്സിർ പറഞ്ഞു.

Loading...

എഴുപതുകളിൽ തന്നെ കോശങ്ങൾ വിളക്കിച്ചേർക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടിരുന്നെങ്കിലും താപം കൃത്യമായി ക്രമീകരിക്കാൻ കഴിയാതിരുന്നതിനാൽ വിജയിച്ചില്ല. ലേസർ കിരണങ്ങളുപയോഗിച്ചപ്പോൾ താപം ക്രമീകരിക്കാൻ കഴിഞ്ഞു. 50 മുതൽ 55 വരെ സെന്റിഗ്രേഡ് ചൂട് മുറിവിൽ ഏൽപ്പിക്കുമ്പോൾ ഒന്നും സംഭവിക്കില്ല. എന്നാൽ, 65 ഡിഗ്രി കഴിയുന്നതോടെ കോശം കരിയാൻ തുടങ്ങും. ശരാശരി 60 ഡിഗ്രി ചൂട് ലഭിക്കുന്നതോടെ കോശങ്ങൾക്ക് കേടില്ലാതെ ഒട്ടിച്ചേരും. കോശങ്ങളിലും ത്വക്കിലും കണ്ണിന്റെ കാചപടത്തിലും
പരീക്ഷണം നടത്തി വിജയിച്ചതായി കട്സിർ അറിയിച്ചു.

ഇൻഫ്രാ റെഡ് കിരണങ്ങൾ പുറത്തുവിടുന്ന നൂതനമായ ഒപ്ടിക്കൽ ഫൈബർ ആണ് ഇതിനായി സംഘം വികസിപ്പിച്ചെടുത്തത്. സവിശേഷമായ ഈ ഒപ്ടിക്കൽ ഫൈബറിന് കിരണങ്ങൾ പുറപ്പെടുവിക്കുന്നതിനൊപ്പം കോശങ്ങളിൽ ചെലുത്തുന്ന താപം അളക്കാനും കഴിയും. നിശ്ചിതമായ താപത്തിൽ കോശങ്ങളിലെ കൊളാജൻ ഉരുകിയ ശേഷം തണുക്കുന്നതോടെ ബലത്തിൽ ഒട്ടിച്ചേരും. വിളക്കിച്ചേർക്കൽ വ്യാപകമാകുന്നതോടെ ആയിരക്കണക്കിന് വർഷങ്ങളായി തുടരുന്ന ചികിത്സാരീതി ചരിത്രത്തിൽ മറയും. നേത്രശസ്ത്രക്രിയയ്ക്കും മറ്റുമാണ് ഇത് ഏറെ പ്രയോജനപ്പെടുക. ഒപ്ടിക് ഫൈബറിന് ആന്തരികാവയവങ്ങൾക്കുള്ളിലും എത്താൻ കഴിയുമെന്നതിനാൽ എൻഡോസ്കോപ്പിനൊപ്പം ഉപയോഗിച്ച് ഞരമ്പുകളിലുൾപ്പെടെയുള്ള മുറിവുകളും വിളക്കിച്ചേർക്കാൻ കഴിയും. പ്ളാസ്റ്റിക് സർജറിക്കും ‘ലേസർ വിളക്കൽ” ഒഴിച്ചു കൂടാനാവാത്തതായി വരുന്നതോടെ വിപ്ളവകരമായ മാറ്റമാണ് ഈ രംഗത്ത് വരാനിരിക്കുന്നത്.