തൃശൂർ: സംഗീത സംവിധായകൻ ജോൺസന്റെ മകൾ ഷാൻ ജോൺസനു ജന്മനാട് ഇന്ന് അന്ത്യാഞ്ജലിയേകും. ചെന്നൈയിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം തൃശൂരിലെത്തിച്ചു. തറവാടു വീടായ തൃശൂർ ചേലക്കോട്ടുകര തട്ടിൽ വീട്ടിൽ ഇന്നു രാവിലെ 10 മുതൽ പൊതുദർശനത്തിനു വയ്ക്കും. സംസ്‌കാരം ഉച്ചയ്ക്ക് 2.30നു നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഗായികയും സംഗീത സംവിധായികയുമായ ഷാനിനെ കോടമ്പാക്കം ചക്രപാണി സ്ട്രീറ്റിലെ അപാർട്‌മെന്റിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂവെന്നു പൊലീസ് അറിയിച്ചു. ചെന്നൈ റോയപ്പേട്ട ആശുപത്രിയിൽ ഇന്നലെ രാവിലെ 11.30നാണു പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചത്. പന്ത്രണ്ടരയോടെയാണു സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മൃതദേഹം കാണാൻ കഴിഞ്ഞത്.

Loading...

പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഷാനിനെ കാണാൻ അമ്മ റാണിയെത്തിയപ്പോൾ കണ്ടു നിന്നവർ ഉൾപ്പെടെ വിതുമ്പി. ജോൺസൺ, മകൻ റെൻ, ഇപ്പോൾ ഷാനും – ദുരന്തങ്ങൾ ഒന്നിനു പിറകെ ഒന്നായി ഏറ്റുവാങ്ങിയ ആ അമ്മയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ നിസ്സഹായരായി. നാട്ടിലേക്കുള്ള യാത്രയിൽ മകൾക്കൊപ്പം ആംബുലൻസിൽ ഇരിക്കണമെന്നു പറഞ്ഞ റാണിയെ ഏറെ പണിപ്പെട്ടാണു ബന്ധുക്കൾ മറ്റൊരു കാറിൽ കയറ്റിയത്.

ഈണങ്ങൾ പാതിവഴിയിൽ തന്നെ നിർത്തി മകളും യാത്ര പറയാതെ പോയി.

നിരന്തരം പിന്തുടരുന്ന ചില ഈണങ്ങൾ പോലെയാണ് ജോൺസന്റെ കുടുംബത്തെ ദുരന്തങ്ങൾ വേട്ടയാടിയത്. ആദ്യം ഒരു ട്രെയിനപകടം. പാതിജീവനുമായി അത്ഭുതകരമായാണ് ജോൺസൺ ട്രാക്കിൽ നിന്ന് വീണ്ടും ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത്. സിനിമയിൽ അവസരങ്ങൾ കുറഞ്ഞ വിഷാദ കാലത്തെ ഒരുവിധം തരണം ചെയ്തുവരുമ്പോൾ ഒരുദിനം അപ്രതീക്ഷിതമായി മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരനെ വിധി കവർന്നെടുത്തു. ഈ ദുരന്തത്തിൽ നിന്ന് ഒരുവിധം കരകയറിവരുമ്പോഴായിരുന്നു. ജോൺസന്റെ മകൻ റെൻ ചെന്നൈയിൽ ഒരു വാഹനാപകടത്തിൽ മരിച്ചത്. 25 വയസ്സ് മാത്രമായിരുന്നു റെന്നിന് പ്രായം.

22-b

ചെന്നൈയിൽ ജോലി ചെയ്തുവരികയായിരുന്ന ഷാൻ ജോൺസന്റെ മരണശേഷമാണ് സംഗീതത്തിൽ സജീവമായത്. എപ്പോഴും പാട്ട് മൂളി നടക്കുന്ന അച്ഛനുള്ള വീട്ടിൽ ഈ ഈണങ്ങൾ തന്നെയായിരുന്നു ഷാനിനും അനിയൻ റെന്നിനും കൂട്ട്. പക്ഷേ, ജോൺസൺ ഒരിക്കലും മക്കളെ പാട്ടിന്റെ വഴിയേ വരാൻ നിർബന്ധിച്ചില്ല. കുട്ടിക്കാലത്ത് അങ്ങിനെ നൃത്തത്തോടായി ഷാനിന് കമ്പം. പിന്നെയാണ് അച്ഛന്റെ പാതയിൽ പാട്ടിന്റെ വഴിയിൽ തന്നെ ചുവടുറപ്പിച്ചത്. ഗിറ്റാറും വയലിനും നേരത്തെ പഠിച്ചു. പിന്നീട് പിയാനോയും. എങ്കിലും കുറച്ച് ഇഷ്ടം കൂടുതൽ ഗിറ്റാറിനോടു തന്നെ. അങ്ങിനെ ജോലിയോടൊപ്പം സൗണ്ട് ബൾബ് എന്നൊരു സംഗീതട്രൂപ്പിലും സജീവമായി.

നിരവധി ഭക്തിഗാനങ്ങൾ ചെയ്തിട്ടുള്ള ഷാൻ ജോൺന്റെ അടുപ്പക്കാരുടെ നിർബന്ധം കൊണ്ടാണ് മൈ നെയിം ഈസ് ജോണിലെ ഗാനം പൂർത്തീകരിക്കുക എന്ന ദൗത്യം ഏറ്റെടുത്തത്. പാട്ടിന് ഈണം നൽകുമ്പോൾ അച്ഛൻ ഒപ്പമിരിക്കുന്നുണ്ടെന്ന തോന്നലായിരുന്നുവെന്ന് ഷാൻ പറയുമായിരുന്നു. ജോൺസൺ ചെയ്ത പാട്ടുപോലെ എന്ന് കേട്ടവരും പറഞ്ഞു.

അതുകഴിഞ്ഞ് തിരയുടെ പശ്ചാത്തല സംഗീതത്തിനായി ഖാമോഷി എന്നൊരു ഗാനം രചിച്ചു. പാട്ടെഴുതാനും പാടാനും അറിയുമെങ്കിലും അച്ഛനെപ്പോലെ സംഗീത സംവിധാനത്തോടുതന്നെയായിരുന്നു ഷാനിനും പ്രിയം. അച്ചു രാജാമണിയുടെ ഈണത്തിൽ ഒരു തമിഴ്ഗാനവും പ്രെയ്‌സ് ദി ലോർഡിൽ ഷാൻ റഹ്മാന്റെ സംഗീതത്തിൽ അബ് ക്യാ ഹുവാ എന്നൊരു ഹിന്ദി ഗാനവും ആലപിച്ചെങ്കിലും പെട്ടന്ന് തന്നെ സംഗീതസംവിധാനത്തിൽ തിരിച്ചെത്തുകയായിരുന്നു. ഏതാനും പടങ്ങൾ ലഭിക്കുകയും ചെയ്തു. ഈ ഗാനങ്ങളുടെ പണിപ്പുരയിൽ സജീവമായി കഴിയുമ്പോഴാണ് അച്ഛനെപ്പോലെ ഷാനും മൗനമായി മറഞ്ഞുപോയത്.