ലാവലിന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും; വിശദമായ വാദം കേള്‍ക്കണമെന്ന് സിബിഐ

ന്യൂഡല്‍ഹി. എസ്എന്‍സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വിശദമായി വാദം കേള്‍ക്കണമെന്ന് സിബിഐ ഇന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. കേസില്‍ മുഖ്യപ്രതിയായ പിണറായി വിജയന്‍ വിചാരണ നേരിട്ടെ മതിയാകുവെന്നാണ് സിബിഐയുടെ നിലപാട്. ചെറിയ വാദം കേള്‍ക്കലിലൂടെ തീര്‍പ്പാക്കാവുന്ന കേസല്ല ലാവലിന്‍ കരാറുമായി ബന്ധപ്പെട്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ഹര്‍ജിയുടെ പ്രാധാന്യം കണക്കിലാക്കി സോളിസിസ്റ്റര്‍ ജനറല്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ നാല് സീനിയര്‍ അഭിഭാഷകരാണ് കോടതിയില്‍ ഹാജരാകുന്നത്. സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് പുറമേ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്വി രാജു, മാധവി ദിവാന്‍, കെ എം നടരാജ് എന്നിവരാണ് സിബിഐയ്ക്ക് വേണ്ടി ഹാജരാകുന്നത്. ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പിലാണ് സിബിഐ ആവശ്യം ഉന്നയിക്കുക.

Loading...

കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചിരുന്നു. രണ്ട് കോടതി കള്‍ സമാന വിധി പുറപ്പടിവിച്ച വിധി റദ്ദാക്കണമെങ്കില്‍ വ്യക്തമായ കാരണം നിരത്തണമെന്ന് സിബിഐയോട് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി രേഖകള്‍ പിന്‍ബലത്തോടെ വസ്തുതകള്‍ കോടതിയില്‍ ഉന്നയിക്കുവനാണ് സിബിഐയുടെ തീരുമാനം.

കേരളത്തിലെ കെഎസ്ഇബിക്ക് കനത്ത നഷ്ടമാണ് ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് ഉണ്ടായത്. ലാവലിന്‍ കമ്പനിക്ക് വലിയ ലാഭം ലഭിച്ചുവെന്നും സിബിഐ പറയുന്നു. കെഎസ്ഇബിയുമായി ഉണ്ടായിരുന്ന കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി മാറ്റിയതോടെയാണ് വലിയ ലാഭം കമ്പനിക്ക് ലഭിച്ചതെന്നും സിബിഐ വ്യക്തമാക്കി. അതിനാല്‍ പിണറായി വിജയന്‍ കേസില്‍ വിചാരണ നേരിണമെന്നാണ് സിബിഐയൈുടെ ആവശ്യം.