കൊടുംക്രൂരത…നിയമ വിദ്യാര്‍ത്ഥിയെ റസ്റ്റോറന്റിനു പുറത്ത് തല്ലിക്കൊന്നു

അലഹാബാദ്: ഉത്തര്‍പ്രദേശിലെ അലഹാബാദില്‍ 26കാരനായ നിയമവിദ്യാര്‍ത്ഥിയെ റോഡില്‍ തല്ലിക്കൊല്ലുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. ഹോക്കി സ്റ്റിക്കും ഇഷ്ടികയും പൈപ്പും ഉപയോഗിച്ചാണ് ഒരു സംഘം യുവാവിനെ തല്ലിക്കൊന്നത്. ഒരു റസ്റ്റോറന്റിനു പുറത്താണ് ഈ ക്രൂരകൃത്യം നടന്നത്. സംഭവത്തില്‍ സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെങ്കിലും കൊലക്ക് നേതൃത്വം നല്കിയ വിജയ് ശങ്കര്‍ എന്നയാളെ പിടിക്കുവാന്‍ കഴിഞ്ഞിട്ടില്ല.
ദിലീപ് സരോജ് എന്ന നിയമവിദ്യാര്‍ത്ഥിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ദിലീപും സുഹൃത്തുക്കളും റസ്റ്റോറന്റില്‍ ആഹാരം കഴിക്കുന്നതിനിടെ വിജയ് ശങ്കറും ഇയാളുടെ കൂട്ടാളികളുമായി വഴക്കുണ്ടാക്കിയിരുന്നു. പിന്നീട് പുറത്തിറങ്ങിയപ്പോള്‍ ഇവര്‍ ദിലീപിനെ ആക്രമിക്കുകയായിരുന്നുവെന്ന് ദിലീപിന്റെ സുഹൃത്ത് പ്രകാശ് പറഞ്ഞു. ആക്രമണം നടന്നയുടന്‍ ദിലീപിന്റെ സുഹൃത്തുക്കള്‍ ഓടിരക്ഷപ്പെട്ടു.
റസ്റ്റോറന്റിലുണ്ടായിരുന്ന ബ്രൗണ്‍ ജാക്കറ്റ് ധരിച്ച ഒരു വ്യക്തി ഒഴികെ ആരും യുവാവിനെ രക്ഷിക്കുവാന്‍ മുന്നോട്ടു വന്നില്ലെന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ആക്രമണം നടന്നയുടന്‍ പോലീസിനെ അറിയിച്ചിരുന്നുവെങ്കിലും പോലീസ് സമയത്തെത്തിയില്ലെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ആക്രമണത്തിനു ശേഷം കോമയിലായ യുവാവ് ഇന്ന് രാവിലെ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും വിജയ് ശങ്കര്‍ ഉടന്‍ പിടിയിലാവുമെന്നും എഎസ്പി സുകൃതി മാധവ് പറഞ്ഞു.
വീഡിയോ (കടപ്പാട് എന്‍ഡിടിവി)