ഗവര്‍ണര്‍ക്കെതിരെ രാജ്ഭവന്‍ വളഞ്ഞ് എല്‍ഡിഎഫ്; സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

തിരുവനന്തപുരം. ഉന്നതവിദ്യാഭ്യാ സംരക്ഷണ സമിതിയെ മുന്നില്‍ നിര്‍ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ച്. മാര്‍ച്ച് തുടങ്ങുന്നതിന് മുമ്പ് ഭൂരിപക്ഷം ജീവനക്കാരും ജോലിക്കെത്തിയിരുന്നു. രാജ് ഭവന് ചുറ്റുമായി ഒരു ലക്ഷം പേരെ അണിനിരത്തിയാണ് പ്രതിരോധ മാര്‍ച്ച്. ഉന്നത വിദ്യാഭ്യാസരംഗത്ത് ബിജെപി ആര്‍എസ്എസ് ഇടപെടല്‍ അനുവദിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുകയാണെന്നും യെച്ചൂരി പറയുന്നു.

തനിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ 30 വര്‍ഷായി അറിയാം ഇതിനിടയില്‍ ഒന്നും അദ്ദേഹവുമായി തെറ്റി നില്‍ക്കേണ്ട കാര്യം തനിക്ക് ഉണ്ടായിട്ടില്ല. ഇപ്പോള്‍ നയപരമായ കാര്യത്തിലാണ് വിയോജിപ്പെന്നും യെച്ചുരി പറഞ്ഞു. അതേസമയം ഗവര്‍ണര്‍ രാജ്ഭവനില്‍ ഇല്ലാത്ത സമയത്താണ് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാരിന്റെ സമരം എന്ന പ്രത്യേകതയും ഇന്നത്തെ സമരത്തിനുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും സമരത്തില്‍ പങ്കെടുക്കുമെന്ന് ആദ്യം പറഞ്ഞുവെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

Loading...

അതേസമയം എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് തടയാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. രാജ്ഭവന്‍ മാര്‍ച്ചിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാരെ തടയണമെന്നായിരുന്നു ആവശ്യം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, ജോസ് കെ മാണി, പിസി ചാക്കോ, കടകംപള്ളി സുരേന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.