‘കുത്താന്‍ വേറെ ആളെ കിട്ടിയില്ല, എസ്എഫ്‌ഐക്കാരനെ തന്നെ കുത്തി’, എസ്എഫ്‌ഐ നേതക്കള്‍ക്കെതിരെ തുറന്നടിച്ച് മുന്‍ വിദ്യാര്‍ത്ഥി നേതാക്കള്‍

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കൊളജില്‍ നടന്ന സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റ സംഭവത്തില്‍ എസ്എഫ്‌ഐയെ രൂക്ഷമായി വിമര്‍ശിച്ച് നേതാക്കള്‍. കുത്തേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് വിവരം. കോളജിലിരുന്ന് പാട്ടുപാടി എന്ന് ആരോപിച്ചാണ് ഒരു വിഭാഗം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയത്. ഇതിനെതിരെ രോഷക്കുറിപ്പുമായി യുവനേതാക്കളും രംഗത്തെത്തി. ഷാഫി പറമ്പിലും പി.കെ.ഫിറോസും പ്രതിഷേധം വ്യക്തമാക്കി ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചു.

‘ആദ്യം അവര്‍ കെഎസ്‌യുക്കാരെ കുത്തി. പിന്നെ മറ്റു പാര്‍ട്ടിക്കാരെ കുത്തി. പിന്നീട് അവര്‍ എഐഎസ്എഫുകാരെ കുത്തി. ഒടുവില്‍ യൂണിവേഴ്‌സിറ്റി കോളേജ് ആയതോണ്ട് കുത്താന്‍ വേറെ ആളെ പെട്ടന്ന് കിട്ടാതെ വന്നപ്പോ എസ്എഫ്‌ഐക്കാരനെ തന്നെ കുത്തി. സഹപാഠികള്‍ മാധ്യമങ്ങളിലൂടെ പറഞ്ഞത് അനുസരിച്ചാണേല്‍ എസ്എഫ്‌ഐ കൊടിയുമെടുത്ത് ആദ്യം ഇറങ്ങുന്നവനെ തന്നെ. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം ഓരോ ലോഡ് വീതം കൊടിയില്‍ വെച്ചാ മതി ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം ഇനിയും കനക്കും.’ ഷാഫി പറമ്ബില്‍ കുറിച്ചു.

വിദ്യാര്‍ഥികളുടെ അവകാശത്തിനായി മുറവിളി കൂട്ടുന്നു എന്ന് വാതോരതെ പ്രസംഗിക്കുന്ന എസ്എഫ്‌ഐ ഈ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ മൗനങ്ങളെ എണ്ണിപറഞ്ഞായിരുന്നു പി.കെ ഫിറോസിന്റെ കുറിപ്പ്.

കുറിപ്പ് വായിക്കാം:

ഇക്കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എസ്.എഫ്.ഐ എന്ന സംഘടനയെ കുറിച്ച് നമ്മളെപ്പോഴൊക്കെയാണ് കേട്ടിട്ടുള്ളത്? തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഗുണ്ടായിസം കാണിക്കുമ്‌ബോള്‍! അതല്ലെങ്കില്‍ സദാചാര പോലീസ് ചമയുമ്‌ബോള്‍!! അതുമല്ലെങ്കില്‍ അവരുടെ പീഢനത്തെ തുടര്‍ന്ന് ഏതെങ്കിലും പെണ്‍കുട്ടി പഠനം നിര്‍ത്തി പോകുമ്‌ബോഴോ ആത്മഹത്യക്ക് ശ്രമിക്കുകയോ ചെയ്യുമ്‌ബോള്‍!!! ഇപ്പോഴിതാ കൂട്ടത്തിലൊരുത്തനെ തന്നെ കത്തി കൊണ്ട് കുത്തിയപ്പോഴും. സ്വന്തം സഹപ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും പിടി കൂടാതിരുന്നിട്ട് പെട്ടി തൂക്കികളായ ഏതെങ്കിലും നേതാവു പ്രതിഷേധിച്ചോ?

ചരിത്രത്തിലാദ്യമായി ടടഘഇ കണക്ക് പരീക്ഷ ചോര്‍ന്നിട്ട് എസ്.എഫ്. ഐ സമരം നടത്തിയത് നമ്മളാരെങ്കിലും കണ്ടോ? ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്ണിനും ഡിഗ്രിക്കും സീറ്റില്ലാതെ പെരുവഴിയില്‍ നില്‍ക്കുമ്‌ബോള്‍ ഈ സംഘടനയെ കുറിച്ച് നമ്മളെവിടെയെങ്കിലും കേട്ടോ? അധികാരക്കൊതിയന്‍മാരായ മന്ത്രിമാരുടെ ആര്‍ത്തി മാറ്റാന്‍ ചരിത്രത്തിലാദ്യമായി വിദ്യാഭ്യാസ വകുപ്പിനെ വിഭജിച്ചപ്പോള്‍ ഈ സംഘടന ഒരക്ഷരം മിണ്ടിയിരുന്നോ? നാടൊട്ടുക്കും സര്‍ക്കാര്‍,എയ്ഡഡ് മേഖലയെ അവഗണിച്ച് സ്വാശ്രയ കോഴ്‌സുകള്‍ വാരി വിതറിയപ്പോള്‍ കൂത്ത്പറമ്ബ് രക്ത സാക്ഷികളെ ഓര്‍ത്തെങ്കിലും ഇവര്‍ പ്രതികരിച്ചോ? കുട്ടികളെ കൊണ്ട് പാദപൂജ ചെയ്യാന്‍ നിര്‍ബന്ധിച്ചപ്പോഴും അതിനായി വിദ്യാഭ്യാസ മന്ത്രി സര്‍ക്കുലര്‍ നല്‍കിയപ്പോഴും എസ്.എഫ്.ഐ സമരം ചെയ്തിരുന്നോ?

ഒടുവില്‍ ഇത്രയും കാലം എസ്.എഫ്.ഐ സിന്ദാബാദ് എന്ന വിളിച്ചവര്‍ തന്നെ ആ സംഘടനക്കെതിരെ പരസ്യമായി മുദ്രാവാക്യം വിളിച്ചിരിക്കുന്നു. നിങ്ങളുടെ കൊടിയിലെഴുതി വെച്ച ‘സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം’ എവിടെ എന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പെണ്‍കുട്ടികളടക്കം ശബ്ദമുയര്‍ത്തി ചോദിക്കുന്നു. എസ്.എഫ്.ഐ എന്ന സംഘടന ഭരണം കിട്ടിയാല്‍ സൈലന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാവാറുണ്ടെന്ന് കളിയായി പറയാറുണ്ട്. അത് അന്വര്‍ത്ഥമാക്കുന്ന നിലപാടുകളാണ് അവരിപ്പോള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. വായില്‍ എല്ലു സൂക്ഷിക്കുന്ന പട്ടി കുരക്കില്ല എന്ന് പറഞ്ഞത് പോലെ അധികാരമെന്ന എല്ലിന്‍ കഷ്ണം തൊണ്ടയില്‍ കുടുങ്ങിയത് കൊണ്ടാണോ എസ്.എഫ്.ഐ മിണ്ടാത്തതെന്ന് അവര്‍ വ്യക്തമാക്കട്ടെ…