കോട്ടയം. സഭാതര്‍ക്കം പരിഹരിക്കുവാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയാല്‍ തര്‍ക്കം രൂക്ഷമായ സംഘര്‍ഷത്തിലേക്ക് പോകുമെന്ന് ഓര്‍ത്തഡോക്‌സ് സഭ. സര്‍ക്കാര്‍ ഓര്‍ത്തഡോക്‌സ് സഭയും യാക്കോബാ സഭയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിനാണ് നിയമനിര്‍മാണം നടത്തുന്നത്. കോടതി വിധി നടപ്പാക്കിയ പള്ളികളില്‍ സമാധാനപരമായിട്ടാണ് പ്രാര്‍ത്ഥനയും ഭരണവും മുന്നോട്ട് പോകുന്നത്. ചില പളളികളില്‍ ഇരുവിഭാഗവും ഒന്നിച്ച് ആരാധനയില്‍ പങ്കെടുക്കുന്നുണ്ട്.
പുതിയ പള്ളികള്‍ നിര്‍മിക്കുവാനുള്ള തയ്യാറെടുപ്പിലാണ് യാക്കോബായ സഭ. ചില സ്ഥലങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായി ആരാധനയ്ക്കായി പള്ളി തുറന്നിരുന്നുവെന്നും മലങ്കര അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ കോശി പറഞ്ഞു. കോലഞ്ചേരിയില്‍ പുതിയ പള്ളി നിര്‍മിക്കുന്നതിന് സ്ഥലം മേടിച്ചിട്ടുണ്ട്. ഇവിടെ പള്ളിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും.
പുതിയ നിയമം വന്നാല്‍ പള്ളികളില്‍ വീണ്ടും തര്‍ക്കം ആരംഭിക്കുകയും അത് സംഘര്‍ഷത്തിലേക്ക് എത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. നിയമനിര്‍മാണം നടത്തുന്നത് കൊണ്ട് ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിന് മാത്രമേ ഉപകരിക്കു. നിയമത്തിനെതിരെ ഓര്‍ത്തഡോക്‌സ് പള്ളികളില്‍ ഞായറാഴ്ച പ്രതിഷേധ ദിനം നടത്തി.