ബംഗലുരു: ബംഗലുരുവിലെ സ്‌കൂളിൽ അവധി ദിനത്തിൽ പുലിയെത്തി. ബംഗലുരു വൈറ്റ്ഫീൽഡിന് സമീപം മാരത്തഹള്ളി വിബ്ജിയോർ സ്‌കൂളിലാണ് ഞായറാഴ്ച ദിവസം പുലിയിറങ്ങിയത്. പുലർച്ചെ 4.13നാണ് സ്‌കൂളിലെ സിസിടിവിയിൽ പുലിയെ ആദ്യം കണ്ടത്. സ്‌കൂൾ വരാന്തയിലൂടെ നടന്നു നീങ്ങിയ പുലി പിന്നീട് മറയുകയും ചെയ്തു.

എന്നാൽ പിന്നെയും സ്‌കൂൾ പരിസരത്ത് വിലസി നടന്ന പുലിയെ പിടിക്കാൻ ഫോറസ്റ്റ് അധികൃതരും പൊലീസും ചേർന്ന് കെണിയൊരുക്കി. സ്‌കൂൾ മുഴുവൻ ഓടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലിയെ വൈകുന്നേരത്തോടെയാണ് പിടികൂടാനായത്. പുലിയെ പിടിക്കാനുള്ള ശ്രമത്തിനിടെ നാല് പേർക്ക് പരുക്കേറ്റു. ഒരാളുടെ കാലിലും കയ്യിലും കടിയേൽക്കുകയും ചെയ്തു. 2012ലും ഇതേ സ്ഥലത്ത് പുലി ഇറങ്ങിയിരുന്നു.