മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിന് ക്ഷണിക്കപ്പെട്ടവര്‍ ആസ്വദിക്കട്ടെയെന്ന് ഗവര്‍ണര്‍

കോഴിക്കോട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്ന് ക്ഷണിക്കപ്പെട്ടവര്‍ ആസ്വദിക്കട്ടെയെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിരുന്നിന് ക്ഷണിക്കാത്തതില്‍ പ്രതികരിക്കാനില്ല. മാറ്റങ്ങളെ എതിര്‍ക്കേണ്ടതില്ല. അടുത്ത വര്‍ഷം കൂടുതല്‍ നല്ല രീതിയില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ കഴിയട്ടെ.

എല്ലാ മലയാളികള്‍ക്കും ക്രിസ്മസ് പുതുവത്സര ആശംസകള്‍ നേരുന്നതായും ഗവര്‍ണര്‍ പറഞ്ഞു. ചൊവ്വാഴ്ചത്തെ ക്രിസ്മസ് വിരുന്നിലേക്കു ഗവര്‍ണറെ മുഖ്യമന്ത്രി ക്ഷണിക്കാതിരുന്ന സാഹചര്യത്തിലാണു പ്രതികരണം. സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ പുറത്താക്കുന്ന ബില്‍ തന്റെ മുന്‍പില്‍ എത്തിയിട്ടില്ല. നിയമാനുസൃതമായ ഏതു ബില്ലും ഒപ്പിടും. അല്ലെങ്കില്‍ ഒപ്പിടാനാകില്ല.

Loading...

വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ പെടുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഏകപക്ഷീയമായി നിയമം നിര്‍മിക്കാന്‍ കഴിയില്ല. ബഫര്‍സോണ്‍ സംബന്ധിച്ച പരാതികള്‍ ലഭിച്ചിട്ടില്ല. കര്‍ഷകര്‍ പരാതി നല്‍കിയാല്‍ ബന്ധപ്പെട്ടവര്‍ക്കു കൈമാറും. നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതു സര്‍ക്കാരാണെന്നും ഗവര്‍ണര്‍ പറഞ്ഞു.