തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടി അപ്പോള്‍ ഋതുമതിയായതുകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്.അല്ലെങ്കില്‍ അവളും ബലാത്സംഗം ചെയ്യപ്പെടുമായിരുന്നു ; ലിബര്‍ട്ടി ബഷീര്‍

കൊച്ചി : കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഒരാഴ്ചക്കകം എന്തെങ്കിലും സംഭവിക്കുമെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ മുന്‍ പ്രസിഡണ്ട് ലിബര്‍ട്ടി ബഷീര്‍. നാദിര്‍ഷ ആരേയും ദ്രോഹിക്കുന്ന ആളല്ല. എനിക്കെതിരെ പ്രവര്‍ത്തിച്ച ആളെങ്കിലും ദിലീപും അത്തരക്കാരനല്ലെന്നാണ് വിശ്വാസം.

ആര് കുറ്റം ചെയ്തുവെന്നത് ദൈവത്തിന് മാത്രമേ അറിയൂ. എങ്കിലും ഒരാഴ്ച കൊണ്ട് എന്തെങ്കിലും സംഭവിക്കുകതന്നെ ചെയ്യുമെന്ന് ലിബര്‍ട്ടി ബഷീര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ പള്‍സര്‍ സുനിക്ക് വേണ്ടി ഭീഷണിപ്പെടുത്തിയ ആള്‍ പറഞ്ഞ പേര് വെളിപ്പെടുത്തിയാല്‍ മലയാള സിനിമയുടെ ഷൂട്ടിഗ് പോലും നിലക്കുമെന്ന നാദിര്‍ഷയുടെ അഭിപ്രായത്തെ ലിബര്‍ട്ടി ബഷീര്‍ പരിഹസിച്ചു.

സര്‍ക്കാര്‍ സജീവമായി ഇടപെട്ടാല്‍ യഥാര്‍ത്ഥ പ്രതികളെ ഉടന്‍ കണ്ടു പിടിക്കാം. ഇതിലും എത്ര വലിയ കേസുകള്‍ കേരളാ പൊലീസ് അന്വേഷിച്ച് കണ്ടെത്തുന്നുണ്ട്. മുഖം നോക്കാതെ നടപടിയെടുക്കാന്‍ തീരുമാനിച്ചാല്‍ പ്രതികള്‍ ഈ ആഴ്ച തന്നെ അകത്താകും.

തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടി അപ്പോള്‍ ഋതുമതിയായതുകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്.അല്ലെങ്കില്‍ ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്നതു പോലെ അവളും ബലാത്സംഗം ചെയ്യപ്പെടുമായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് പെണ്‍കുട്ടിയും ചലച്ചിത്ര സമൂഹവും അതില്‍ നിന്നും രക്ഷപ്പെട്ടത്.

ക്രൂരമായ അനുഭവമാണ് പെണ്‍കുട്ടിക്ക് ഉണ്ടായത്. ഇത്തരം പ്രവൃത്തികള്‍ സിനിമക്ക് അകത്തായാലും പുറത്തായാലും സംഭവിക്കരുത്. അതിനുള്ള നടപടികളാണ് സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.