കുട്ടികള്‍ എവിടെ.. അവരോട് സംസാരിക്കണം ; മുംബൈ ജയിലില്‍ നിന്നും ലിജിയുടെ ഫോണ്‍

മുംബൈയിലെ ജയിലില്‍ കഴിയുന്ന ലിജി കുര്യന്‍(29) കഴിഞ്ഞ ദിവസം റിജോഷിന്റെ സഹോദരനെ ജയിലിലെ ഉദ്യോഗസ്ഥന്റെ ഫോണില്‍ നിന്ന് വിളിച്ചതായി റിപ്പോര്‍ട്ട്.റിജോഷ്-ലിജി ദമ്പതികളുടെ മറ്റു 2 മക്കള്‍ റിജോഷിന്റെ കുടുംബ വീട്ടിലാണ് കഴിയുന്നത്. കുട്ടികള്‍ എവിടെയെന്നു ചോദിച്ച ലിജി അവരോട് സംസാരിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ കുട്ടികള്‍ സ്‌കൂളില്‍ പോയി എന്ന് അറിയിച്ചതോടെ ലിജി ഫോണ്‍ വച്ചതായി റിജോഷിന്റെ സഹോദരന്‍ ജിജോഷ് പറഞ്ഞു. ഇതുകൂടാതെ ലിജി തന്റെ ഉറ്റ ബന്ധുക്കളെയും കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ചു. എന്നാല്‍ ലിജിയുമായി ഒരു ബന്ധവും ഇല്ലെന്നും ഫോണില്‍ വിളിക്കരുത് എന്നും ഇവര്‍ ആവശ്യപ്പെട്ടു.

Loading...

ശാന്തന്‍പാറ പുത്തടിയില്‍ ഫാം ഹൗസ് ജീവനക്കാരന്‍ റിജോഷി(31)നെ ഇല്ലാതാക്കിയ കേസിലെ ഒന്നാം പ്രതി ഫാം ഹൗസ് മാനേജര്‍ ഇരിങ്ങാലക്കുട സ്വദേശി വസീമിന്റെ(32) കൂടെ കഴിഞ്ഞ 7 നാണ് ലിജി മുംബെയില്‍ എത്തിയത്. റിജോഷിന്റെ ഇളയ മകള്‍ ജൊവാനയെ(2) വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ലിജിയും വസീമും ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് കേസ്. ലിജി അപകടനില തരണം ചെയ്തപ്പോള്‍ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വസിം ഇപ്പോഴും ഗുരുതരാവസ്ഥയിലാണ് ഉള്ളത്.

മുറിയെടുത്ത് മണിക്കൂറുകളായിട്ടും മുറിയിൽ നിന്ന് പുറത്ത് വരാതിരുന്നതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മൂവരെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. നവംബർ ഏഴ് വ്യാഴാഴ്ചയാണ് ലിജിയുടെ ഭർത്താവ് റിജോഷിന്റെ മൃതദേഹം ശാന്തൻപാറയിലെ റിസോർട്ടിലെ പറമ്പിൽ ചാക്കിൽകെട്ടി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. കൊച്ചിക്കെന്ന് പറഞ്ഞ് പോയ ഭർത്താവ് തിരിച്ചുവന്നില്ലെന്നാണ് ഭാര്യ ലിജി പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞത്. എന്നാൽ നവംബർ നാലിന് ലിജിയേയും ഇവർ ജോലി ചെയ്യുന്ന സ്വകാര്യ റിസോർട്ടിലെ മാനേജരായ വസീമിനേയും കാണാതായതോടെ ബന്ധുക്കൾക്ക് സംശയമായി.

ഇവരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് റിജോഷിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്നുള്ള അന്വേഷണത്തിനിടെ വസീമിന്റെ കുറ്റസമ്മത വീഡിയോ സന്ദേശം പൊലീസിന് ലഭിച്ചിരുന്നു. കൃത്യം നടത്തിയത് താനാണെന്നും മറ്റാർക്കും ഇതിൽ പങ്കില്ലെന്നുമായിരുന്നു സന്ദേശം. എന്നാൽ എവിടെയാണുള്ളതെന്ന് വസീം വെളിപ്പെടുത്തിയിരുന്നില്ല. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന് ബോധ്യമായതോടെ മകൾക്ക് വിഷം നൽകിയ ശേഷം ലിജിയും വസീമും വിഷം കഴിച്ചിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം