ഷിക്കാഗോ: ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും, പെരുമ്പാവൂര്‍ പുല്ലുകുഴി, പൂക്കുന്നേല്‍ റവ.ഫാ. പോള്‍ പി. ഐസക്കിന്റേയും, ഏലിയാമ്മയുടേയും മകനുമായ ഡീക്കന്‍ ലിജു പോള്‍ ഏപ്രില്‍ 18-ന് ശനിയാഴ്ച, അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയില്‍ നിന്നും വൈദീകപട്ടം സ്വീകരിക്കുന്നു. ഏപ്രില്‍ 18-ന് ശനിയാഴ്ച രാവിലെ 8.30-ന് പ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന മധ്യേ പട്ടംകൊട ശുശ്രൂഷയും നടത്തുന്നതാണ്. അതിനുശേഷം അനുമോദന സമ്മേളനവും ഉണ്ടായിരിക്കും.
2014 ജനുവരി നാലാം തീയതി ന്യൂജേഴ്‌സിയില്‍ വെച്ച് യറഫദയാക്കോന സ്ഥാനവും, 2014 സെപ്റ്റംബര്‍ 14-ന് ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ വെച്ച് ശംശോന സ്ഥാനവും അഭിവന്ദ്യ തീത്തോസ് തിരുമേനിയില്‍ നിന്നും സ്വീകരിച്ച ഡീക്കന്‍ ലിജു പോള്‍ തിരുവല്ല മാര്‍ത്തോമാ കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. പൊളിറ്റിക്കല്‍ സയന്‍സില്‍ ബാച്ച്‌ലര്‍ ഡിഗ്രി, സോഷ്യോളജിയില്‍ മാസ്റ്റര്‍ ഡിഗ്രി, കംപ്യൂട്ടര്‍ സയന്‍സില്‍ സിസ്റ്റം മാനേജ്‌മെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും, അപ്ലൈഡ് സയന്‍സില്‍ അസോസിയേറ്റ് ഡിഗ്രിയും, തിയോളജിയില്‍ മാസ്റ്റര്‍ ബിരുദവും നേടി. ഇപ്പോള്‍ ഷിക്കാഗോയില്‍ കിന്‍ഡേര്‍ഡ് ഹോസ്പിറ്റലില്‍ റെസ്പിരേറ്ററി തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. കളത്തൂര്‍മൂഴി കൊക്കുമണ്ണില്‍ ജോളിയാണ് ഭാര്യ. ഏക മകന്‍ സുമിത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ലവ്‌ലി, ലിബി, ലിസി എന്നിവര്‍ സഹോദരിമാരാണ്.
പട്ടംകൊട ശുശ്രൂഷയിലേക്ക് എല്ലാവരേയും വികാരി റവ.ഫാ. വര്‍ഗീസ് തെക്കേക്കര കോര്‍എപ്പിസ്‌കോപ്പ ആദരപൂര്‍വ്വം ക്ഷണിക്കുന്നു. ഷെവലിയാര്‍ ജെയ്‌മോന്‍ കെ. സ്‌കറിയ അറിയിച്ചതാണിത്.