സംസ്ഥാനത്ത് ബെവ്ക്യൂ ആപ്പ് വഴി ഇന്ന് മദ്യം വാങ്ങിയത് 2.25 ലക്ഷം പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബെവ്ക്യൂ ആപ്പ് ഉപയോഗിച്ച്‌ 2.25 ലക്ഷം പേര്‍ മദ്യം വാങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബെവ്ക്യു ആപ്പ് വഴി വെര്‍ച്വല്‍ ക്യൂ മാനേജ്‌മെന്റ് സംവിധാനത്തിലൂടെയാണ് വില്‍പ്പന. എവിടെയും ക്രമസമാധാന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഓണ്‍ലൈന്‍ ടോക്കണ്‍ ഉപയോഗപ്പെടുത്തിയാണ് മദ്യ വില്‍പന നടത്തിയത്. സാമൂഹിക അകലം പാലിച്ചും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുമാണ് വില്‍പന നടത്തിയത്. സാങ്കേതിക തടസങ്ങള്‍ പരിഹരിച്ച് വെര്‍ച്വല്‍ ക്യു സംവിധാനം മുന്നോട്ട് കൊണ്ടുപോകാനാകുമെന്നും അദ്ദേഹം അറിയിച്ചുയ

ആദ്യ ദിവസത്തെ ചില സാങ്കേതിക തടസമുണ്ടായിട്ടുണ്ട്. ഇത് പരിഹരിച്ച്‌ മുന്നോട്ട് പോവുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച കൊവിഡ് മാര്‍ഗ നിര്‍ദേശം പാലിച്ച്‌ തന്നെയാണ് ഇന്ന് മദ്യവില്‍പ്പന നടന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Loading...

അതേസമയം ബെവ്ക്യൂ വ്യാജ ആപ്പ് നിര്‍മിച്ച്‌ പ്ലേ സ്​റ്റോറില്‍ അപ്‌ലോഡ് ചെയ്തവര്‍ക്കെതിരേ ജാമ്യമില്ലാ കു​റ്റം ചുമത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിനായിരിക്കും അന്വേഷണ ചുമതല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. അതേസമയം, ആപ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. പലര്‍ക്കും ആപ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നില്ലെന്ന് പരാതിയുയര്‍ന്നു. ബുക്ക് ചെയ്തവര്‍ക്ക് ഒടിപി ലഭിച്ചില്ലെന്നും വൈകിയെന്നും പരാതിയുയര്‍ന്നു.