കൊച്ചി. ലിസ് നിക്ഷേപത്തട്ടിപ്പ് കേസില്‍ പത്ത് വര്‍ഷത്തിന് ശേഷം വിചാരണ പുനരാരംഭിക്കുന്നു. നര്‍കോട്ടിക് സെല്ലിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി നിരസിച്ചതോടെയാണു വിചാരണ പുനരാരംഭിക്കുന്നത്. പത്തുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനാണു ഹൈക്കോടതി ഉത്തരവ്. ലിസ് നിക്ഷേപത്തട്ടിപ്പുകേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളമെന്ന ആവശ്യപ്പെട്ട് മാനേജിങ് ട്രസ്റ്റി പാലക്കല്‍ വീട്ടില്‍ കുര്യാച്ചന്‍ ചാക്കോ അടക്കം 9 പ്രതികളാണ് 10 വര്‍ഷം മുന്‍പ് ഹൈക്കോടതിയെ സമീപിച്ചത്. കൊച്ചി നര്‍കോട്ടിക് സെല്‍ അസി കമ്മിഷണറായിരുന്ന പി എം ജോസഫ് സാജു സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.
ജോസഫ് സാജുവിന് അന്വേഷണം നടത്താന്‍ അധികാരമില്ലെന്നായിരുന്നു പ്രതികളുടെ വാദം. ഈ വാദം ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തള്ളി. തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി കേസിന്റെ വിചാരണ 10 മാസത്തിനകം പൂര്‍ത്തിയാക്കാന്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കി. ഇടപാടുകാരില്‍നിന്ന് 447 കോടി രൂപ പിരിച്ച കേസില്‍ 9 പ്രതികള്‍ക്കെതിരെ 2012 ല്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
നേരത്തെ 7 പ്രതികളുണ്ടായിരുന്ന കേസില്‍ തുടരന്വേഷത്തിനു ശേഷമാണ് രണ്ടുപേരെ കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നിക്ഷേപിക്കുന്ന തുക കാലക്രമേണ ഇരട്ടിക്കുമെന്നു ഇടപാടുകാരെ വിശ്വസിപ്പിച്ച് മണി ചെയിന്‍ മാതൃകയിലായിരുന്നു പ്രവര്‍ത്തനം. തങ്ങള്‍ നടത്തുന്ന സംവിധാനത്തിലൂടെ പണം തിരികെ നല്‍കാന്‍ കഴിയില്ലെന്ന ഉറപ്പുണ്ടായിട്ടും പ്രതികള്‍ പണം സ്വീകരിച്ച് വഞ്ചന നടത്തിയതായാണു കുറ്റപത്രത്തിലെ ആരോപണം.
തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ കേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കുകയായിരുന്നു. ആയിരക്കണക്കിനു പേരാണ് നിക്ഷേപത്തുക മടക്കി കിട്ടുന്നതിനായി നിയമനടപടികളുമായി ഇപ്പോഴും മുന്നോട്ടുപോകുന്നത്.