ഞാന്‍ കുറ്റവിമുക്തനാക്കപ്പെട്ടിരിക്കുന്നു, ഇത് ചരിത്ര വിധി; ഒടുവില്‍ എല്‍കെ അധ്വാനിയും പ്രതികരിച്ചു

ന്യൂഡല്‍ഹി: അയോധ്യ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി. അയോധ്യ ഭൂമി തര്‍ക്ക കേസില്‍ ഇന്നലെ രാവിലെ ഉണ്ടായ സുപ്രീം കോടതി വിധിയെ ചരിത്ര വിധിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണ ഘടനാ ബെഞ്ചിന്റെ ചരിത്ര വിധിയെ താന്‍ ഹൃദയം നിറഞ്ഞ് സ്വീകരിക്കുന്നതായും അദ്വാനി പറഞ്ഞു. വിഷയത്തില്‍ താനും എളിയ സംഭാവന നല്‍കിയിട്ടുണ്ടെന്നും അദ്വാനി പറഞ്ഞു.

ഞാന്‍ കുറ്റവിമുക്തനാക്കപ്പെട്ടിരിക്കുന്നു. അയോധ്യയിലെ രാമജന്മ ഭൂമിയില്‍ ക്ഷേത്രം പണിയുന്നതിന് സുപ്രീം കോടതി ഇപ്പോള്‍ വഴിയൊരുക്കിയിരിക്കുകയാണ്. രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ബഹുജന പ്രക്ഷോഭത്തിന് എളിയ സംഭാവന നല്‍കാന്‍ അവസരം തനിക്ക് ഉണ്ടായിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ബഹുജന പ്രക്ഷോഭത്തിന് ഈ വിധിയോടെ ഫലമുണ്ടായെന്നും അദ്വാനി പറഞ്ഞു. മുസ്ലിം പള്ളി പണിയുന്നതിന് വേണ്ടി അയോധ്യയില്‍ തന്നെ അഞ്ച് ഏക്കര്‍ നല്‍കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തെയും താന്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്വാനി പറഞ്ഞു.

1990ല്‍ എല്‍.കെ അദ്വാനി നടത്തിയ സോമനാഥ് രഥയാത്രയാണ് അയോധ്യ വിഷയം വീണ്ടും ആളിക്കത്തിക്കുന്നത്. തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിലേക്ക് നയിക്കുകയായിരുന്നു. തുടര്‍ന്നാണ് അയോദ്ധ്യയിലെ ഭൂമി തര്‍ക്കത്തിന് ആരംഭമാകുന്നത്. ഒന്നര നൂറ്റാണ്ട് നീണ്ട ആ തര്‍ക്കത്തിനാണ് സുപ്രീം കോടതി ഇന്ന് തീര്‍പ്പ് കല്‍പ്പിച്ചത്.

അതേസമയം വിധി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംസ്‌കാരവും കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ചൂണ്ടിക്കാട്ടി.

സുപ്രീം കോടതിയില്‍ നിന്നുള്ള ഈ നിര്‍ണായക വിധി അതിനാല്‍ തന്നെ ഒരു നാഴികകല്ലാണ്. ഈ തീരുമാനം രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മഹത്തായ സംസ്‌കാരവും ശക്തിപ്പെടുത്തുമെന്നും അമിത് ഷാ പ്രതികരിച്ചു.

തര്‍ക്കവിഷയം പരിഹരിക്കാന്‍ ഇടപെട്ട എല്ലാവരോടും നന്ദി പറയുന്നു. വിധി എല്ലാവരും അംഗീകരിക്കുകയും സമാധാനം തുടരുകയും ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്നത് തുടരുക തന്നെ വേണം. വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന തര്‍ക്കത്തില്‍ ഇന്ന് അന്തിമ തീരുമാനം വന്നിരിക്കുന്നു. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയേയും എല്ലാ ന്യായാധിപന്മാരേയും താന്‍ അഭിനന്ദിക്കുന്നു. അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

വിധിയെ സ്വാഗതം ചെയ്യുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും വ്യക്തമാക്കി. വിധി സ്വാഗതാര്‍ഹവും അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ കോണ്‍ഗ്രസ് അനുകൂലിക്കുന്നതായും വക്താവ് സുര്‍ജേവാല പറഞ്ഞു. വിധിയെ കോണ്‍ഗ്രസ് മാനിക്കുന്നു. മതേതര മൂല്യങ്ങള്‍ കണക്കിലെടുത്ത് വിധി എല്ലാവരും അംഗീകരിക്കണമെന്നും സമാധാനവും സൗഹാര്‍ദ്ദവും നിലനിര്‍ത്തണമെന്നും കോണ്‍ഗ്രസ് പത്രക്കുറിപ്പിലൂടെ ആഹ്വാനം ചെയ്തു.

ശ്രീരാമന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന 2.77 ഏക്കര്‍ ഭൂമിയാണു തര്‍ക്കത്തിന്റെ കേന്ദ്രബിന്ദു. ഇതു ക്ഷേത്രകാര്യങ്ങള്‍ നടത്താന്‍ അവകാശമുള്ള നിര്‍മോഹി അഖാര, ശ്രീരാമപ്രതിഷ്ഠയെ പ്രതിനിധീകരിക്കുന്ന രാംലല്ലാ വിരാജ്മാന്‍, ബാബ്‌റി മസ്ജിറിന്റെ ചുമതലക്കാരായിരുന്ന ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് എന്നിവര്‍ക്കു തുല്യമായി പങ്കിടാന്‍ 2010 ല്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ എതിര്‍ത്തുകൊണ്ടുള്ള ഹര്‍ജിയിലാണ് അന്തിമ തീരുമാനം വന്നത്.

ഇക്കാര്യത്തില്‍ 14 ഹര്‍ജികളാണു സുപ്രീം കോടതിക്ക് മുന്നിലെത്തിയത്. 40 ദിവസത്തോളം നീണ്ട മാരത്തോണ്‍ വിചാരണയ്ക്ക് ശേഷമാണ് വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതി വിധിയുടെ മുന്നോടിയായി രാജ്യത്തുടനീളവും ഉത്തര്‍പ്രദേശിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ വൈകിട്ടോടെ തന്നെ സുപ്രീം കോടതി പരിസരത്തും സുരക്ഷാക്രമീകരണങ്ങള്‍ വിപുലമാക്കിയിരുന്നു. വിധി എന്തു തന്നെയായാലും അത് ആരുടേയും വിജയമോ പരാജയമോ അല്ലെന്നും വിധി എന്തായാലും സംയമനത്തോടെയാകണം നേരിടേണ്ടതെന്നും പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തിരുന്നു.