മണിമലയാറ്റില്‍ മോക്ഡ്രില്ലില്‍ പങ്കെടുത്ത പ്രദേശവാസിക്ക് ദാരുണമരണം

പത്തനംതിട്ട. മല്ലപ്പള്ളി പടുതോട് കടവില്‍ മണിമലയാറ്റില്‍ മോക്ഡ്രില്ലില്‍ പങ്കെടുത്ത പ്രദേശവാസിക്ക് ദാരുണമരണം. പ്രളയസമയത്ത് നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ മോക്ഡ്രില്ലില്‍ പങ്കെടുത്ത തുരുത്തിക്കാട് പാലത്തുങ്കല്‍ സ്വദേശി ബിനു സോമനാണ് (35) ചെളിയില്‍ താഴ്ന്ന് മരിച്ചത്.

എന്‍ഡിആര്‍എഫ്, റവന്യൂ വകുപ്പ്, ഫയര്‍ഫോഴ്‌സ്, പോലീസ് , ആരോഗ്യ വകുപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മോക്ഡ്രില്‍ സംഘടിപ്പിച്ചിരുന്നത്. മോക്ഡ്രില്ലില്‍, അപകടത്തില്‍പെടുന്നവരായി നില്‍ക്കാന്‍ പ്രദേശവാസികളില്‍നിന്ന് നാലുപേരെ റവന്യൂ വകുപ്പ് കണ്ടെത്തി നല്‍കിയിരുന്നു.

Loading...

ഈ നാലുപേരില്‍ ഒരാളായിരുന്നു മരിച്ച ബിനു. ബിനു ഉള്‍പ്പെടെയുള്ളവരെ പ്രളയകാലത്ത് അപകടത്തില്‍ പെട്ടവരെന്ന രീതിയില്‍ ആറ്റില്‍ ഇറക്കി നിര്‍ത്തുകയും രക്ഷാപ്രവര്‍ത്തകര്‍ ബോട്ടിലെത്തി ഇവരെ രക്ഷപ്പെടുത്തുകയുമായിരുന്നു മോക്ഡ്രില്ലിലൂടെ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അതിനിടെ ബിനു ചെളിയില്‍ താണുപോയി. അര മണിക്കൂറിന് ശേഷമാണ് ഇദ്ദേഹത്തെ കണ്ടെത്താന്‍ സാധിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.