രോഗവ്യാപനം കൂടുതലുള്ള ജില്ലകള്‍ അടച്ചിടാന്‍ സാധ്യത; കടുത്ത നടപടിക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ

ദില്ലി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം വരിഞ്ഞു മുറുക്കുമ്പോള്‍ കടുത്ത നടപടികള്‍ക്കൊരുങ്ങി കേന്ദ്രം. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്രത്തിന്റെ ശുപാര്‍ശ. 15 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ള ജില്ലകളില്‍ ലോക്ക്ഡൗണിനാണ് കേന്ദ്രം ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഇതിനായി 150 ജില്ലകളുടെ പട്ടികയും കേന്ദ്രം തയ്യാറാക്കി കഴിഞ്ഞിരിക്കുകയാണ്. ഇനി സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. നിലവില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എറണാകുളം, കോഴിക്കോട് ജില്ലകളിലാണ്. ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണ്.

സംസ്ഥാനത്തെ മിക്ക ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലാണ്. രാജ്യത്ത് തന്നെ ഇന്ത്യൻ വകഭേദം എറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ള കോട്ടയത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.81 ശതമാനമാണ്. കോഴിക്കോട് 26.66 ശതമാനമായിരുന്നു ഇന്നലെ ടെസറ്റ് പോസിറ്റിവിറ്റി, തിരുവനന്തപുരത്ത് 17.23 ശതമാനവും, എറണാകുളത്ത് 24.54 ശതമാനമാണ് നിലവിലെ കണക്ക്.വയനാട്ടിലും സ്ഥിതി വ്യത്യസ്ഥമല്ല 24 ശതമാനമായിരുന്നു ടിപിആർ.കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. പ്രതിദിന മരണ ഇന്ന് മൂവായിരം കടന്നു. ഔദ്യോ​ഗിക കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും ഇന്ന് രണ്ടുലക്ഷം പിന്നിട്ടു.

Loading...