സ്‌കൂളുകള്‍ തുറക്കാന്‍ അനുവദിക്കുക ജൂലൈയിലോ, ഓഗസ്റ്റിലോ: ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും

ഡൽഹി: ലോക്ക്ഡൗൺ നാലാഘട്ടം മെയ് 31ന് പൂര്‍ത്തിയാകാനിരിക്കെ ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. അഞ്ചാഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് വിടാനാണ് തീരുമാനം. എന്നാൽ ലോക്ക് ഡൗൺ ഇളവുകളിൽ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ അനുവാദം നല്‍കും. ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കാനും സാധ്യതയുണ്ട്. മാര്‍ച്ച് 25 ന് ആരംഭിച്ച ലോക്ക് ഡൗണിന്‍റെ നാലാം ഘട്ടം ഈ മാസം 31 നാണ് അവസാനിക്കുന്നത്. ‌ അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6387 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,51,767 ആയി ഉയർന്നു.

കൂടുതല്‍ ഇളവുകള്‍ നല്‍കിയായിരിക്കും ലോക്ക് ഡൗണ്‍ അഞ്ചാം ഘട്ടത്തിന്റെ തീരുമാനമെടുക്കുക. ഷോപ്പിംഗ് കോംപ്ലക്സുകള്‍ക്ക് അനുമതിയുണ്ടാകില്ല. കണ്ടെയ്‍ന്‍മെന്‍റ് സോണുകളുടെ എണ്ണം ചുരുക്കുന്നതിനെക്കുറിച്ചും കേന്ദ്രം ആലോചിക്കുന്നുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തിലും ഇളവുകളുടെ കാര്യത്തിലും വ്യക്തതയുണ്ടാവും. സ്‌കൂള്‍ തുറക്കല്‍, അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കല്‍ എന്നിവ തുടങ്ങുന്നതിന് കേന്ദ്ര തീരുമാനം നിര്‍ണായകമാകും. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അടുത്ത രണ്ടാഴ്ച കൂടി അനുമതി നല്‍കാനുള്ള സാധ്യതയില്ലെന്നാണ് സര്‍ക്കാര്‍ വ‍ൃത്തങ്ങള്‍ പറയുന്നത്. മെട്രോ സര്‍വീസ് പുനരാരംഭിച്ചേക്കും.

Loading...

കൊവിഡ് കേസുകള്‍ നിയന്ത്രണ വിധേയമല്ലാതെ വര്‍ധിക്കുകയാണെങ്കില്‍ ഹോം ക്വാറന്‍റൈന്‍ വര്‍ധിപ്പിക്കാനും മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കാനും സാധ്യതയുണ്ടെന്നും പറയുന്നു. ജൂണ്‍ ഒന്നുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. മാളുകള്‍, സിനിമാ തിയറ്ററുകള്‍, ജിംനേഷ്യം സെന്ററുകള്‍, റസ്റ്ററന്റുകള്‍ എന്നിവ തുറക്കാനുള്ള അനുമതി നല്‍കിയേക്കില്ല. ജൂലൈയിലോ, ഓഗസ്റ്റിലോ ആയിരിക്കും സ്‌കൂളുകള്‍ തുറക്കാന്‍ അനുവദിക്കുക. എന്നാല്‍, ഓരോ സംസ്ഥാനങ്ങളുടെ അവസ്ഥയ്ക്ക് അനുസൃതമായി തീരുമാനമെടുക്കാനും അനുമതി നല്‍കുമെന്ന് സൂചനയുണ്ട്.