പാർട്ടിയെ അറിയിക്കാതെ മൂകാംബിക ദർശനം നടത്തിയ സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടറിക്ക് സസ്‌പെൻഷൻ

പാർട്ടിയെ അറിയിക്കാതെ മൂകാംബിക ക്ഷേത്രദർശനം നടത്തിയ സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് സസ്പെൻഷൻ. പാർട്ടിവിരുദ്ധ പ്രവർത്തനവും അച്ചടക്കലംഘനവും ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ.

സി.പി.എം. വെള്ളറട ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. ബേബിയെയാണ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
എന്നാൽ സസ്പെൻഷന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

Loading...

കഴിഞ്ഞ മാസം 27-ാം തീയതി വൈകിട്ടുള്ള മാവേലി എക്സ്പ്രസിലാണ് പി.കെ. ബേബിയും സുഹൃത്തുക്കളായ വെള്ളറട വാർഡ് മെമ്പർ നെല്ലിശ്ശേരി പ്രദീപ്, പാർട്ടി അംഗമായ അഡ്വക്കേറ്റ് അരുൺ, മറ്റൊരു സുഹൃത്ത് എന്നിവർ മൂകാംബികയ്ക്ക് പോയത്. രണ്ടു ദിവസത്തേക്ക് സ്ഥലത്തുണ്ടാവില്ല എന്നു പറഞ്ഞെങ്കിലും എവിടേക്കാണ് പോകുന്നത് എന്ന് പാർട്ടി ഘടകത്തെ അറിയിച്ചിരുന്നില്ല.

ഈ കാരണം ചൂണ്ടിക്കാട്ടിയാണ് സസ്പെൻഡ് ചെയ്തതെന്ന് ബേബി പറയുന്നു. എന്നാൽ സസ്പെൻഷൻ നൽകുന്നതിന് മുന്നോടിയായി പാർട്ടി ഘടകം വിളിച്ച് ചർച്ച ചെയ്യുകയോ വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും ബേബി കൂട്ടിച്ചേർത്തു.

അതേസമയം, ഒരു മതത്തിൽ പെട്ടവരുടേയും ആരാധനാസ്വാതന്ത്ര്യം പാർട്ടി വിലക്കിയിട്ടില്ലെന്നും ഇതിനു മുമ്പ് ഇങ്ങനെ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ സസ്പെൻഷനുള്ള യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല എന്നും ബേബി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

മൂകാംബികയ്ക്ക് പോയ നാൽവർ സംഘത്തിൽ ബേബിക്കെതിരെ മാത്രമാണ് പാർട്ടി നടപടി എടുത്തിരിക്കുന്നത്. മറ്റു രണ്ടുപേർക്കും എതിരെ നടപടിയെടുത്തിട്ടുമില്ല.

എന്നാൽ, പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ സ്ഥലത്തു നിന്നും മാറി നിൽക്കുമ്പോൾ എവിടെ പോകുന്നു എന്നത് പാർട്ടി മേൽ ഘടകത്തെ കൃത്യമായി അറിയിക്കാത്തതാണ് ബേബിക്കെതിരെ നടപടിയെടുക്കാൻ കാരണമെന്ന് വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ. ശശി പറഞ്ഞു.
മൂകാംബികയിൽ പോയതിനല്ല മറിച്ച് സംഘടനാപരമായ ചർച്ചകളുടെ ഭാഗമായാണ് ബേബിക്ക് സസ്പെൻഷൻ നൽകിയതെന്നും ശശി പറഞ്ഞു.

ആരുടേയും ആരാധനാ സ്വാതന്ത്ര്യം പാർട്ടി വിലക്കിയിട്ടില്ല, പാർട്ടിക്കകത്തുള്ള വിഷയമായതിനാൽ സസ്പെൻഷനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പറയാനാവില്ല എന്നും ഡി.കെ. ശശി പറഞ്ഞു. ആറു മാസത്തെ സസ്പെൻഷൻ കാലാവധി കഴിഞ്ഞാൽ പി.കെ. ബേബിക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തെക്ക് തിരിച്ചു വരാമെന്നും ശശി പറഞ്ഞു.