സ്കൂളുകള്‍ തുറക്കില്ല,​ വിമാനസര്‍വീസില്ല, ആരാധനാലയങ്ങൾ തുറക്കില്ല: ലോക്ക് ഡൗണ്‍ നീട്ടി മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി

ന്യൂഡല്‍ഹി: രാജ്യത്തെ ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. ‌ പുതുക്കിയ ലോക്ഡൗൺ മാർഗരേഖ പ്രകാരം രാജ്യാന്തര–ആഭ്യന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് തുടരും. മെട്രോ ട്രെയിൻ സർവീസുകൾക്കും മേയ് 31 വരെ വിലക്കുണ്ട്. ആളുകൾ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. 31 വരെ ഒരു വിദ്യാഭ്യാസ സ്ഥാപനവും തുറന്നു പ്രവർത്തിക്കരുതെന്നും മാർഗ നിർദേശത്തിൽ പറയുന്നു. അതേസമയം വിദ്യാഭ്യാസ സ്ഥാപനമങ്ങള്‍ തുറക്കാന്‍ അനുമതിയില്ല. ഹോട്ടലുകള്‍,​ തിയേറ്ററുകള്‍,​ ഷോപ്പിംഗ് മാളുകള്‍ എന്നിവയും അടഞ്ഞുകിടക്കും. ആരാധനാലയങ്ങള്‍ തുറക്കാനും അനുമതിയില്ല.

‌മുമ്പുള്ളതില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും 18 മുതല്‍ തുടങ്ങുന്ന നാലാം ഘട്ട ലോക്ക്ഡൗണ്‍ എന്നാണ് പ്രധാനമന്ത്രി നേരത്തേ സൂചിപ്പിച്ചത്. മാര്‍ച്ച്‌ 25നാണ് രാജ്യവ്യാപകമായി ആദ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിലേക്ക് നീട്ടി. പിന്നീട് മെയ് 17 ലേക്കും നീട്ടുകയായിരുന്നു.കൊവിഡ് പടരുന്ന സാഹചര്യത്തില്‍ തമിഴ്നാടും മഹാരാഷ്ട്രയും നേരത്തേ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു.

Loading...

ആരാധനാലയങ്ങൾ, റസ്റ്ററന്റുകൾ, തീയറ്ററുകൾ, മാളുകള്‍, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, പാർക്കുകൾ, ബാറുകളും ഓഡിറ്റോറിയങ്ങളും 31 വരെ അടഞ്ഞുകിടക്കും.‌ സ്പോർട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാൻ അനുമതി നല്‍കും, ഇവിടെ നിരീക്ഷണം ഉറപ്പാക്കും. എല്ലാ തരത്തിലുമുള്ള സാമൂഹിക–രാഷ്ട്രീയ–വിനോദ–വിദ്യാഭ്യാസ–സാംസ്കാരിക–മതപരമായ ചടങ്ങുകളും മറ്റ് കൂടിച്ചേരലുകളും 31 വരെ പൂർണമായും വിലക്കി. ഓൺലൈൻ/ഡിസ്റ്റാൻസ് ലേണിങ് പ്രോത്സാഹിപ്പിക്കും. ഹോം ഡെലിവറിക്കായി അടുക്കളകൾ പ്രവർത്തിപ്പിക്കാൻ റസ്റ്ററന്റുകൾക്ക് അനുമതിയുണ്ട്.

ആരോഗ്യ പ്രവർത്തകർ, പൊലീസ്, സർക്കാർ ഉദ്യോഗസ്ഥർ, ടൂറിസ്റ്റുകൾ ഉൾപ്പെടെ രാജ്യത്ത് കുടുങ്ങിപ്പോയവർ എന്നിവർക്കു വേണ്ടി പ്രവർത്തിക്കുന്നവയും ക്വാറന്റീനു വേണ്ടി ഉപയോഗപ്പെടുത്തുന്നതുമായ ഹോട്ടലുകളും റസ്റ്ററന്റുകളും ഉൾപ്പെടെയുള്ള ഹോസ്പിറ്റാലിറ്റി സേവനങ്ങൾക്ക് പ്രവർത്തിക്കാം. ബസ് ഡിപ്പോകൾ, റെയിൽവേ സ്റ്റേഷൻ, എയർപോട്ട് എന്നിവിടങ്ങളിലെ കന്റീനുകൾക്ക് പ്രവർത്തിക്കാം.
സോണുകൾ സംബന്ധിച്ച തീരുമാനം സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാം. ആരോഗ്യവകുപ്പ് അനുശാസിക്കുന്ന നിർദേശങ്ങൾ അനുസരിച്ചു മാത്രമായിരിക്കണം സോണുകൾ തീരുമാനിക്കേണ്ടത്. സോണുകൾക്കുള്ളിലെ കണ്ടെയ്ൻമെന്റ് സോണും ബഫർ സോണും തീരുമാനിക്കാനുള്ള അധികാരം ജില്ലാ ഭരണകൂടങ്ങൾക്കു ലഭിക്കും. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡ പ്രകാരം മാത്രമാണിത്. കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യസേവനം മാത്രമേ അനുവദിക്കുകയുള്ളൂ, ഈ മേഖലയിൽ അകത്തേക്കും പുറത്തേക്കും പോകുന്നതിന് അനുമതിയില്ല. കല്യാണത്തിന് 50 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേര്‍ക്കും ഒരു സമയം പങ്കെടുക്കാം. വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പരസ്പര സമ്മതത്തോടെ ഇവിടങ്ങളിലേക്കുള്ള യാത്ര അനുവദിക്കും. ഓരോ സംസ്ഥാനത്തെയും കേന്ദ്ര ഭരണ പ്രദേശത്തെയും യാത്ര എപ്രകാരം വേണമെന്ന് ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ അധികൃതർക്കു തീരുമാനിക്കാം.