ഉത്തരേന്ത്യയിൽ വീണ്ടും വെട്ടുക്കിളി ആക്രമണം: പൈലറ്റുമാർക്ക് എയർ ട്രാഫിക് കൺട്രോൾ വിഭാഗം മുന്നറിയിപ്പ് നൽകി

ദില്ലി: ഉത്തരേന്ത്യ വീണ്ടും വെട്ടുക്കിളി ആക്രമണ ഭീഷണിയിൽ. നിലവിൽ തെക്കു പടിഞ്ഞാറൻ ദില്ലി അതിർത്തി വഴി ഉത്തർപ്രദേശിലേക്കാണ് ഇവയുടെ സഞ്ചാരം. ഗുരുഗ്രാം– ദ്വാരക എക്സ്പ്രസ് ഹൈവേയ്ക്ക് സമീപം വെട്ടുകിളി സാന്നിധ്യം കണ്ടതിനാൽ പൈലറ്റുമാർക്ക് എയർ ട്രാഫിക് കൺട്രോൾ വിഭാഗം മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഒരു സംഘത്തെ ചുമതലപ്പെടുത്തി.

വലിയ കൂട്ടമായി എത്തിയ വെട്ടുകിളികൾ ആകാശം മറച്ച് പറന്നു നടക്കുന്ന ദൃശ്യങ്ങൾ ഗുരുഗ്രാമിൽ നിന്ന് രാവിലെ മുതൽ പുറത്തുവന്നിരുന്നു. ഗുരുഗ്രാമിലെ ഗ്രാമവാസികൾ ചിത്രീകരിച്ചവയാണ് ഇത്. ആക്രമണം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ല മജിസ്ട്രേറ്റുമാർക്ക് ദില്ലി സർക്കാർ നിർദ്ദേശം നൽകി. കാറ്റിന്റെ ദിശയനുസരിച്ച് വെട്ടുകിളികൾ ഉത്തർപ്രദേശിലേക്ക് കടക്കുമെന്ന് കേന്ദ്ര കാർഷിക മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Loading...

ഗുരുഗ്രാമിലെ സൈബർ ഹബ്ബിനു ചുറ്റും ആയിരക്കണക്കിനു വെട്ടുകിളികൾ പറന്നു നടക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. സമാനമായ ദൃശ്യങ്ങൾ ഡൽഹിയിലെ ഛത്രാപൂരിൽ നിന്നും പുറത്തുവന്നിരുന്നു. ദേശീയ തലസ്ഥാന മേഖലയായ ഗുരുഗ്രാമിൽ നിന്നാണ് വീണ്ടും വെട്ടുകിളി ആക്രമണത്തിന്റെ റിപ്പോർട്ടുകൾ പുറത്ത് വന്നത്. കൃഷിയിടങ്ങൾക്ക് പിന്നാലെ നഗരത്തിലെ റസി‍ഡൻഷ്യൽ മേഖലകളിൽ ഉൾപ്പെടെ വെട്ടുകിളി പറന്ന് എത്തിയതോടെ താമസക്കാർ പരിഭ്രാന്തിയിലായി. ഹരിയാനിൽ നിലവിൽ കാർഷിക വിളകൾക്ക് നാശനഷ്ടമില്ലെന്നാണ് റിപ്പോർട്ടുകൾ. തെക്ക് പടിഞ്ഞാറൻ ദില്ലിയിലെ കർഷകർക്കും ദില്ലി സർക്കാർ ജാഗ്രത നിർദ്ദേശം നൽകി. കഴിഞ്ഞ മാസം രാജസ്ഥാൻ, പഞ്ചാബ്, മധ്യപ്രദേശ് , യുപി സംസ്ഥാനങ്ങളിൽ വലിയ കൃഷി നാശം വെട്ടുകിളികൾ വരുത്തിയിരുന്നു.