ലോക ധൂര്‍ത്ത്‌സഭ;സര്‍ക്കാരിന്റെ ലോക കേരളസഭയുടെ ധൂര്‍ത്തിന്റെ കണക്കുകള്‍ പുറത്ത്

സര്‍ക്കാര്‍ ധൂര്‍ത്തോട് ധൂര്‍ത്ത്. ലോക കേരള സഭയുടെ പേരില്‍ പൊടിച്ചത് കോടികള്‍. താമസത്തിനും ഭക്ഷണത്തിനും മാത്രമായി പൊടിച്ചത് 83 ലക്ഷം. കേരളം സാമ്പത്തിക ഞെരുക്കത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ നടന്ന ലോക കേരള സഭയുടെ കണക്കുകല്‍ പുറത്ത് വന്നതോടെ ഞെട്ടിയിരിക്കുകയാണ് ജനങ്ങള്‍. ജനുവരി ഒന്നു മുതല്‍ മൂന്നുവരെയാണ് തിരുവനന്തപുരത്ത് ലോക കേരള സഭ നടന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്ത് തുടരുകയാണ്. ലോക കേരള സഭ വെറും പ്രഹസനമെന്ന് പറഞ്ഞ പ്രതിപക്ഷത്തിന്റെ കൈയ്യില്‍ കിട്ടിയ പുതിയ ആയുധമാണ് ലോകകേരള സഭയുടെ ധൂര്‍ത്തിന്റെ കണക്കുകള്‍.

ജനുവരി ഒന്നു മുതല്‍ മൂന്നുവരെയാണ് തിരുവനന്തപുരത്ത് ലോക കേരള സഭ നടന്നത്. വിദേശത്തുനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയ പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇവരുടെ താമസത്തിന്റെയും ഒരുക്കിയ ഭക്ഷണത്തിന്റെയും ചിലവു സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഏഴു ഹോട്ടലുകളും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസും തിരുവനന്തപുരം നഗരത്തിലെ റെസ്റ്റ് ഹൗസുമാണ് അതിഥികളെ സ്വീകരിക്കാനായി ഒരുക്കിയിരുന്നത്. ഇവര്‍ നല്‍കിയ താമസ സൗകര്യത്തിന്റെ ബില്‍ 23,42,725 രൂപയുടേതാണ്. ഇതു പാസാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ശുപാര്‍ശ പോയിട്ടുണ്ട്. താമസ ചെലവിനത്തില്‍ 42 ലക്ഷം രൂപയാണ് പ്രതീക്ഷിച്ചതെന്നും 23 ലക്ഷമേ ആയുള്ളെന്നും ശുപാര്‍ശ കത്തില്‍ ഫുഡ് ആന്‍ഡ് അക്കോമഡേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചിരിക്കുന്നത്.

Loading...

ഒരാളുടെ പ്രഭാതഭക്ഷണത്തിന് വേണ്ടി മുടക്കിയത് 550+ നികുതി, ഉച്ചഭക്ഷണത്തിന് 1900+നികുതി, രാത്രിഭക്ഷണത്തിനു 1700രൂപ+നികുതി എന്നിങ്ങനെയാണ്. പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്നാണ് ഇവര്‍ക്ക് ഭക്ഷണം എത്തിച്ചത്. അതിനാലാണ് ഇത്രയും ഉയര്‍ന്നതുക ചിലവായത്. 700പേര്‍ക്കാണ് ഈ നിരക്കില്‍ ഉച്ചഭക്ഷണം ഏര്‍പ്പെടുത്തിയത്. 600 പേര്‍ക്ക് അത്താഴവും 400 പേര്‍ക്ക് പ്രഭാതഭക്ഷണവും ഈ നിരക്കില്‍ ഒരുക്കിയിരുന്നു. ഭക്ഷണത്തിനു വേണ്ടി മൂന്നുദിവസത്തേക്ക് അറുപതുലക്ഷത്തോളം രൂപ ചിലവാക്കിയിട്ടുണ്ട്. ജനുവരി ഒന്നു മുതല്‍ മൂന്നുവരെ അതിഥികള്‍ക്കുള്ള ഭക്ഷണം കോവളത്തെ സ്വകാര്യ ഹോട്ടലില്‍നിന്നായിരുന്നു. താമസത്തിന് 23ലക്ഷത്തോളം രൂപയും ചിലവഴിച്ചു. പരിപാടി നടന്നത് ജനുവരി ഒന്നു മുതല്‍ മൂന്നുവരെയാണെങ്കിലും ഡിസംബര്‍ 31 മുതല്‍ ജനുവരി നാലുവരെ താമസിക്കാനുള്ള സൗകര്യം പ്രതിനിധികള്‍ക്ക് ഒരുക്കിയിരുന്നു. ഡ്രൈവര്‍മാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും ചിലവു സംബന്ധിച്ച നാലരലക്ഷത്തോളം രൂപയുടെ ബില്ലും പാസാക്കിയിട്ടുണ്ട്. എന്തായാലും ലോകകേരള സഭ ധൂര്‍ത്താണെന്ന ആരോപണം അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന രേഖകള്‍.

ലോക കേരള സഭ ആഡംബരത്തിന്റെ പര്യായമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ലോക കേരളസഭ യുഡിഎഫ് ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. ധൂര്‍ത്തിന്റെ പര്യായമാണ് ലോക കേരള സഭയെന്ന് പ്രതിപക്ഷം പരിഹസിച്ചിരുന്നു. അത് ശരിയെന്ന് തെളിയിച്ചിരിക്കുകയാണ് പുറത്ത് വന്നിരിക്കുന്ന ധൂര്‍ത്തിന്റെ കണക്കുകള്‍. ധൂര്‍ത്തിന്റെ കണക്കുകള്‍ പുറത്ത് വന്നതോടെ ഉത്തരംമുട്ടിയിരിക്കുകയാണ് സര്‍ക്കാരിന്. സംസഥാനത്ത് സര്‍ക്കാരിന്റെയും പോലീസ് സേനയുടേയും അഴിമതിയുടേയും ക്രമക്കേടുകളുടേയും ധൂര്‍ത്തിന്റേയും കഥകള്‍ ഒന്നാന്നായ് പുറത്ത് വന്നു കൊണടിരിക്കുമ്പോഴാണ് കൂനിന്മേല്‍കുരു എന്ന കണക്ക് ലോക കേരളസഭയുടെ ധൂര്‍ത്തിന്റെ കഥകളും പുറത്ത് വന്നിരിക്കുന്നത്. ഇതോടെ വെട്ടിലായിരിക്കുകയാണ് സര്‍ക്കാര്‍.

കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍വളര്‍ച്ച കൈവരിക്കുന്നതിന് ലോക കേരളസഭ നിര്‍ണായകമായ പങ്കു വഹിക്കുമെന്ന് മുഖ്യമന്ത്രി ഘോരഘോരം പ്രസംഗിച്ചിരുന്നു. എന്നാല്‍ ലോക കേരളസഭ കൊണ്ട് ഉണ്ടായ നേട്ടത്തെക്കുറിച്ച് സര്‍ക്കാര്‍ ഒരക്ഷരം ഉരിയാടുന്നില്ല. ധൂര്‍ത്തിന്റെ കണക്കാണേല്‍ ധാരാളം പുറത്ത് വരികയും ചെയ്തു. അഴിമതിയിലും ധൂര്‍ത്തിലും മുങ്ങിക്കുളിച്ച് സര്‍ക്കാര്‍ നില്‍ക്കുമ്പോള്‍ ജനങ്ങള്‍ മുണ്ടുമുറുക്കി ഉടുത്ത് സംസ്ഥാനത്ത് കഴിഞ്ഞു കൂടുകയാണ്. കോടികളാണ് പുട്ടു പോലെ ഇങ്ങനെ പൊടിച്ച് കളയുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒരു പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന്റെ കൈയ്യില്‍ കാശില്ല ഖജനാവ് കാലിയാണ് സാമ്പത്തിക മാന്ദ്യം കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്ന സ്ഥിരം പല്ലവി. എന്നാല്‍ സര്‍ക്കാരിന് ധൂര്‍ത്തടിക്കാന്‍ ഖജനാവില്‍ ആവശ്യത്തിലധികം പണമുണ്ട്. ഇല്ലെങ്കില്‍ ഏതേലും ഫണ്ടല്‍ നിന്നൊക്കെ വകമാറ്റി ചെലവഴിച്ച് സര്‍ക്കാര്‍ കാര്യങ്ങള്‍ നടത്തും. എന്തായാലും ലോക കേരള സമ്മേളനമല്ല ലോക ധൂര്‍ത്ത് സമ്മേളനമാണ് നടന്നത്.