മുഖ്യമന്ത്രി പിണറായി വിജയന് എതിരായ കേസ് ലോകായുക്ത വെള്ളിയാഴ്ച പരിഗണിക്കും

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിതരണത്തില്‍ സ്വജനപക്ഷപാതം ആരോപിച്ചുള്ള ഹര്‍ജി ലോകായുക്ത വെള്ളിയാഴ്ച പരിഗണിക്കും.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് ഫണ്ട് വകമാറ്റിയെന്നാണ് കേസ്്. കേസില്‍ ലോകായുക്ത വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി പറയാത്തത് വിവാദമായിരുന്നു.

വിധി പറയാതെ വന്നതോടെ പരാതിക്കാരന്‍ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍എസ് ശിവകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം ലോകായുക്തയില്‍ നല്‍കിയ ഹര്‍ജിയാണ് വെള്ളിയാഴ്ച പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനര്‍ഹര്‍ക്ക് സഹായം നല്‍കി എന്നാണ് പരാതിയില്‍ പറയുന്നത്.

Loading...

അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിനും അന്തരിച്ച ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന്റെ കുടുംബത്തിനും കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തില്‍ പെട്ട് മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയെന്നാണ് പരാതി. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദും അടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.