ലണ്ടന്‍ ഭീകരാക്രമണം; ട്രമ്പിന്റെ വിമര്‍ശനത്തെ തള്ളിക്കളഞ്ഞു കൊണ്ട് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍

ലണ്ടന്‍: ഏഴു പേരുടെ ജീവനെടുക്കുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ശനിയാഴ്ചത്തെ ഭീകരാക്രമണത്തെ തുടര്‍ന്ന് താന്‍ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ നിരീക്ഷണം തള്ളിക്കളയുകയാണെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പ്രസ്താവിച്ചു. ഖാന്റെ പ്രസ്താവനയിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് വിമര്‍ശിച്ച ട്രമ്പിനു മറുപടി പറയുന്നതിനേക്കാള്‍ പ്രധാനപ്പെട്ട പല കാര്യങ്ങളും ചെയ്തു തീര്‍ക്കാനുണ്ടെന്ന് മേയറുടെ വക്താവ് പ്രതികരിച്ചു.
ഭീകരാക്രമണത്തെ തുടര്‍ന്ന് ബ്രിട്ടന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടു നടത്തിയ പ്രസ്താവനയില്‍ ആറു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ നടപടികള്‍ കോടതി അംഗീകരിക്കേണ്ടതാണെന്ന ട്രമ്പിന്റെ പരാമര്‍ശം വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. ഏഴു പേര്‍ കൊല്ലപ്പെടുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടും ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ലണ്ടന്‍ മേയര്‍ പ്രസ്താവിച്ചതിനെ വിമര്‍ശിച്ചു കൊണ്ട് ഞായറാഴ്ച ട്രമ്പ് വീണ്ടും രംഗത്ത് എത്തുകയായിരുന്നു.
ട്രമ്പിന്റെ ട്വീറ്റിനെതിരേ ബ്രിട്ടീഷുകാര്‍ ഉടന്‍ തന്നെ രംഗത്തു വന്നു. ലണ്ടനിലെ തെരുവുകളില്‍ കൂടുതല്‍ പോലീസിന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് ഖാന്‍ ചൂണ്ടിക്കാട്ടിയതെന്ന് അവര്‍ ഓര്‍മിപ്പിച്ചു. ഞായറാഴ്ചയും വരും ദിവസങ്ങളില്‍ ലണ്ടനിലെ തെരുവകളില്‍ പോലീസിന്റെ കൂടുതല്‍ സാന്നിധ്യം ഉണ്ടാകുമെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഞായറാഴ്ചയും ഖാന്‍ പ്രസ്താവനയില്‍ ആവര്‍ത്തിച്ചിരുന്നു.
പോലീസും നമ്മളും ചെയ്യേണ്ടത് നമ്മളാലാവുന്ന വിധം സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നതാണ്. ലോകത്തിലെ സുരക്ഷിതമായ നഗരങ്ങളിലൊന്നു തന്നെയാണ് ലണ്ടന്‍. ഒരുപക്ഷേ ഏറ്റവും സുരക്ഷിതമായ നഗരമല്ലായിരിക്കാം. എങ്കിലും എല്ലാ തലങ്ങളിലും പരിശോധന നടത്തി പരമാവധി സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാനം. രാഷ്ട്രീയമായി ശരിയാണോ എന്നു നോക്കാതെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് വേണ്ടത്. ആക്രമണത്തിന് ട്രക്കും കത്തിയും ഉപയോഗിച്ചതു കൊണ്ട് ഭീകരാക്രമണത്തിനു ശേഷം തോക്കു ചര്‍ച്ച ഉണ്ടായില്ലെന്നും ഖാന്‍ പറഞ്ഞു.
ട്രമ്പും ഖാനും തമ്മില്‍ ഇതിനു മുമ്പും വാക് പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്നു. പ്രചാരണ കാലത്ത് അമേരിക്കയിലേക്കു പ്രവേശിക്കുന്ന മുസ്ലിംകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്നു പറഞ്ഞ ട്രമ്പ് , ലണ്ടനിലെ ആദ്യ മുസ്ലിം മേയറെന്ന നിലയില്‍ ഖാന് ഇളവു നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഓഫര്‍ നിരസിച്ച ഖാന്‍, തന്റെ കുടുംബത്തിലുള്ളവര്‍ക്കും, സുഹൃത്തുക്കള്‍ക്കും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്കും ലഭ്യമാകാത്ത ആനുകൂല്യം തനിക്കു വേണ്ടെന്ന് പ്രതികരിച്ചിരുന്നു. ഇസ്ലാമിനെപ്പറ്റി ട്രമ്പ് അജ്ഞനാണെന്നും അമേരിക്കയെയും, ബ്രിട്ടനെയും കൂടുതല്‍ സുരക്ഷിതമല്ലാതാക്കുകയാണെന്നും പിന്നീട് ഖാന്‍ പ്രതികരിച്ചിരുന്നു. ഇതിനു മറുപടിയായി ഖാനെ ഐക്യു ടെസ്റ്റില്‍ പങ്കെടുക്കാന്‍ വെല്ലുവിളിച്ച ട്രമ്പ് തന്നെ അദ്ദേഹത്തിന് അറിയില്ലെന്നും ഇതുവരെ കണ്ടിട്ടില്ലെന്നും, ഈ പ്രസ്താവനകള്‍ ഓര്‍ത്തിരിക്കുമെന്നും പ്രതികരിച്ചിരുന്നു.