ലണ്ടന്‍ ഭീകരാക്രമണം: ലോക നേതാക്കള്‍ അപലപിച്ചു; ബ്രിട്ടനൊപ്പമുണ്ടെന്ന് ട്രമ്പ് ,മോഡി

ലണ്ടന്‍: ലണ്ടന്‍ പാലത്തില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഓടിച്ചുകയറ്റി നടത്തിയ ആക്രമണത്തെ ലോക നേതാക്കല്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. അക്രമണത്തിനിരയായ ലണ്ടനും യു.കെയ്ക്കും വേണ്ടി സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ട്വിറ്ററിലൂടെ അറിയിച്ചു. ‘ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. ദൈവം രക്ഷിക്കട്ടെ’ എന്ന പ്രതീക്ഷയും ട്രമ്പ് പങ്കുവെച്ചു. ആറു മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എസിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ തന്റെ ഭരണകൂടത്തിന്റെ നടപടി ലണ്ടന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രസക്തമാണെന്നും ട്രമ്പ് അനുസ്മരിച്ചു. യാത്രാ വിലക്ക് നടപ്പിലാക്കുന്നതിനായി ഇപ്പോള്‍ ട്രമ്പ് ഭരണകൂടം യു.എസ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണ്.
യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ബ്രിട്ടനോടൊപ്പമാണെന്ന് യു.എസ് എന്നും ്അവര്‍ അറിയിച്ചു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ലണ്ടന്‍ ഭീകരാക്രണണത്തെ അപലപിച്ചു. ലണ്ടനിലെ ആക്രമണം നടുക്കവും വേദനയും ഉളവാക്കുന്നതാണെന്ന് മോഡി ട്വിറ്ററില്‍ കുറിച്ചു. ബ്രിട്ടന്‍ ജനതയുടെ വേദനയിലും ദു:ഖത്തിലും പഹ്കുചേരുകയാണെന്നും മോഡി തന്റെ സന്ദേശത്തില്‍ കുറിച്ചു.
ഭീകരതയുടെ കെടുതികള്‍ക്ക് രണ്ടിലേറെ തവണ ഇരയായ ഫ്രാന്‍സും ലണ്ടന്‍ ആക്രമണത്തെ നിശിതമായി അപലപിച്ചു. ഈ ദുരന്തവേളയില്‍ മുമ്പെന്നത്തേക്കാളും അധികം ഫ്രാന്‍സ് ബ്രിട്ടനോടൊപ്പം ചേരുകയാണെന്ന് ഫ്രഞ്ചു പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. തന്റെ മനസ് ആക്രമണത്തിനിരയായവരുടെയും അവരെ സ്‌നേഹിക്കുന്നവരുടെയും ഒപ്പമാണെന്നും മാക്രോണ്‍ വ്യക്തമാക്കി.
ഭീകരതയും ദുഖവും അനുഭവിക്കുന്ന ഈ ദിനം നമ്മള്‍ രാജ്യങ്ങളുടെ അതിരുകള്‍ മറക്കുകയാണെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ പ്രസ്താവനയില്‍ അറിയിച്ചു. ഒപ്പംതന്നെ നിശ്ചയ ദാര്‍ഢ്യത്തോടെ ഭീകരതയെ ഒറ്റക്കെട്ടായി എതിര്‍ക്കുകയാണെന്നും ആഞ്ചല പ്രസ്താവിച്ചു. ജര്‍മ്മനി എന്നും ഭീകരതയ്ക്ക് എതിരായ പോരാട്ടത്തിനൊപ്പമാണ്. ബ്രിട്ടനില്‍ നടന്ന സംഭവങ്ങളുടെ കാര്യത്തിലും ഭീകരവിരുദ്ധ പോരാട്ടം ജര്‍മ്മനി തുടരും. ഭീതിയുണര്‍ത്തുന്ന വാര്‍ത്തയാണ് ലണ്ടനില്‍ നിന്ന് കേള്‍ക്കാനായതെന്നും സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡ്യൂ പ്രതികരിച്ചു.
ലണ്ടന്‍ ഭീകരാക്രമണത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടണ്‍ബുളും ദുഖവും നടുക്കവും രേഖപ്പെടുത്തി. ബ്രിട്ടീഷ് ജനതയുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ന്യൂസിലാന്റ് പ്രധാനമന്ത്രി ബില്‍ ഇംഗ്ലീഷും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. നിരവധി മനുഷ്യജീവനുകള്‍ അപഹരിച്ച ഭീകരരുടെ നടപടി ഏറെ വേദനിപ്പിക്കുന്നതാണെന്ന് ബില്‍ അറിയിച്ചു.