കോഴിക്കോട്. ആവിക്കലിലെ മലിനജല പ്ലാന്റ് വിരുദ്ധ സമരപ്പന്തല്‍ പൊളിച്ചുമാറ്റിയ നിലയില്‍. പദ്ധതി പ്രദേശത്തിന് മുന്നില്‍ സമരക്കാര്‍ സ്ഥാപിച്ച പന്തലാണ് പൊളിച്ചത്. കോതിയില്‍ മലിനജല പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണിത്. കോര്പറേഷന് ജീവനക്കാര്‍ പോലീസിന്റെ സഹായത്തോടെ സമരപ്പന്തല്‍ പൊളിച്ചുമാറ്റിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഒരു വര്‍ഷമായി പോലീസ് കാവല്‍ ഉള്ള പ്രദേശമാണിത്.
കോതിയില്‍ പ്ലാന്റ് നിര്‍മാണം തുടങ്ങിയ ദിവസം വൈകിട്ട് കോര്പറേഷന് ഉദ്യോഗസ്ഥനും പോലീസും ആവിക്കലിലെത്തി. ഇവിടത്തെ 5,000 ലീറ്റര്‍ വെള്ളത്തിന്റെ ടാങ്ക്, മറ്റു സാമഗ്രികളുമെല്ലാം കയറ്റിക്കൊണ്ടുപോയി. രാത്രി അര്‍ജന്റീനയുടെ മത്സരം നടക്കുന്ന സമയം നോക്കി കോര്പറേഷന് ഉദ്യോഗസ്ഥര്‍ എത്തി പോലീസിന്റെ സഹായത്തോടെ പന്തല്‍ പൊളിച്ചുമാറ്റി. ഞങ്ങള്‍ വാടക കൊടുക്കുന്ന സാധനങ്ങളാണ് അവര്‍ എടുത്തുകൊണ്ടുപോയത്. സമരനേതാക്കള്‍ പറഞ്ഞു.