ഛർദ്ദിക്കും വയറിളകും എന്ന് കരുതി മുലപ്പാൽ നൽകാതിരിക്കരുത്; അമ്മമാർ അറിയണം ഈ മുന്നറിയിപ്പുകൾ; കുറിപ്പ്

അലസമായും നിസിരമായുമൊക്കെ നാം തള്ളിക്കളയുന്ന രോഗമാണ് വയറിളക്കം. എന്നാൽ ഇത് ജീവാപയം വരെയുണ്ടാക്കുമെന്ന് കുറിക്കുകയാണ് ഡോക്ടർ ഷിംന അസീസ്. കുട്ടികളിലും വാർദ്ധക്യമെത്തിയവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും സാരമായ വയറിളക്കം ജീവാപായമുണ്ടാക്കാമെന്നാണ് ഡോക്ടറുടെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ഒരു വയസ്സിന്‌ മുൻപുള്ള പ്രായം ഒരൽപം ശ്രദ്ധക്കൂടുതൽ അർഹിക്കുന്നുവെന്നും ഡോക്ടർ പറയുന്നു. വയറിളക്കത്തോടൊപ്പം ഛർദ്ദി കൂടിയുണ്ടാകുന്നത്‌ ഏത്‌ പ്രായക്കാർക്കും അപകടകരമാണെന്നും ഡോക്ടർ ഫെയ്സ്ബുക്കിൽ കുറിക്കുന്നുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

Loading...

സെക്കൻഡ്‌ ഒപീനിയൻ – 057

രാവിലെ ഉണർന്ന പാടേ ഒന്ന്‌ ശൗചാലയ്‌ വരെ പോയി വരാൻ തോന്നുന്നതൊരു തെറ്റാ? അല്ലേയല്ല. വയറ്‌ നിറച്ച്‌ ഭക്ഷണം കഴിഞ്ഞ പാടേ ഒന്ന്‌ അപ്പിയിടാൻ തോന്നിയാലോ? എന്നാലും കുഴപ്പമില്ല. എന്നാൽ ഒരു ദിവസം മൂന്നിലേറെ തവണയോ അതല്ലെങ്കിൽ സാധാരണയിൽ കവിഞ്ഞുള്ള തവണകളോ ആയി അയഞ്ഞ്‌ വയറ്റിൽ നിന്ന്‌ പോയാലോ? ‘വയറിളക്കം പിടിച്ചു’ എന്ന്‌ പറയുന്നത്‌ കേൾക്കുമ്പോഴുള്ള തമാശയൊന്നും ഈ രോഗം വന്നാൽ കാണില്ല. മാത്രമല്ല ഇന്നത്തെ #SecondOpinion വിവരിക്കുന്ന പ്രകാരം തികച്ചും അപകടകരമായ അവസ്‌ഥയിലേക്ക്‌ കാര്യങ്ങൾ നീങ്ങുകയും ചെയ്യാം.

ദഹനസമയത്ത്‌ കുടലിൽ ജലാംശം വലിച്ചെടുക്കാതിരിക്കുകയോ കുടലിലെ കോശങ്ങൾക്കകത്ത്‌ നിന്ന്‌ ധാരാളമായി വെള്ളം മലത്തിലേക്ക്‌ സ്രവിക്കുകയോ ചെയ്യുന്നതാണ്‌ വയറിളക്കത്തിന്‌ പ്രധാനകാരണം. ബാക്‌ടീരിയ, വൈറസ്‌, ചിലയിനം പരാദങ്ങൾ, ഭക്ഷണത്തിലെ ചില വസ്‌തുക്കളോടുള്ള അലർജി, ചില ദഹനവ്യൂഹരോഗങ്ങൾ, ചില മരുന്നുകൾ, ചില ശസ്‌ത്രക്രിയകൾ തുടങ്ങി വയറിളക്കത്തിന്‌ അനേകം കാരണങ്ങളുണ്ട്‌. ചില അവസരങ്ങളിൽ മലത്തോടൊപ്പം രക്‌തം, മ്യൂക്കസ്‌ എന്നിവ ഉണ്ടാകാറുണ്ട്‌. ഈയൊരു അവസ്‌ഥ നിർബന്ധമായും ചികിത്സിക്കപ്പെടേണ്ട ഒന്നാണ്‌. ചെറിയ കുഞ്ഞുങ്ങൾക്ക് ജലദോഷമോ പനിയോ ഉള്ള സമയത്ത് കാഴ്‌ചയിൽ കഫമെന്ന്‌ തോന്നിക്കുന്ന, മൂക്കിലൂടെയും വായിലൂടെയും വരുന്ന കഫത്തിന്‌ സമാനമായ മ്യൂക്കസ്‌ മലത്തിൽ കണ്ടാൽ, ‘ഹാവൂ കഫം പുറത്ത് പോവുന്നുണ്ട്’ എന്നൊരു പൊതുധാരണയുണ്ട്‌. തെറ്റാണിത്, ഈ ‘കഫം’ കുടലിൽ നിന്നും സ്രവിക്കുന്നതാണ്‌, മൂക്കൊലിപ്പും പനിയുമൊന്നുമായി ഇതിന്‌ ബന്ധമില്ല. സ്വയം മൂക്ക് ചീറ്റാനോ കാർക്കിച്ച് തുപ്പാനോ കഴിവില്ലാത്ത കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രകൃതി ഒരുക്കിയ പോംവഴിയുമല്ലിത്.

കുട്ടികളിലും വാർദ്ധക്യമെത്തിയവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും സാരമായ വയറിളക്കം ജീവാപായമുണ്ടാക്കാം. അതിൽ തന്നെ ഒരു വയസ്സിന്‌ മുൻപുള്ള പ്രായം ഒരൽപം ശ്രദ്ധക്കൂടുതൽ അർഹിക്കുന്നു. വയറിളക്കത്തോടൊപ്പം ഛർദ്ദി കൂടിയുണ്ടാകുന്നത്‌ ഏത്‌ പ്രായക്കാർക്കും അപകടകരമാണ്‌. മുതിർന്നവരിൽ തുടർച്ചയായ വയറിളക്കത്തോടൊപ്പം കടുത്ത തളർച്ച, ദാഹം, തല കറക്കം, മൂത്രത്തിന്റെ അളവ്‌ കുറയുക തൊലിയുടെ ഇലാസ്‌തികത നഷ്‌ടപ്പെട്ട്‌ വരണ്ട്‌ കാണപ്പെടുക, ബോധക്ഷയം, തുടങ്ങിയവയെല്ലാം അപകടസൂചനകളാകാം. കുട്ടികളിൽ തൊലി വരളുക, നാക്ക്‌ ഉണങ്ങിക്കാണുക, മൂത്രത്തിന്റെ അളവ്‌ കുറയുക, കരയുമ്പോൾ കണ്ണീർ വരാതിരിക്കുക, കടുത്ത അസ്വസ്‌ഥത എന്നിവയെല്ലാം വളരെയേറെ സൂക്ഷിക്കണം. കണ്ണ്‌ കുഴിയുക, കവിളും വയറും ഒട്ടുക,മൂർദ്ധാവ്‌ കുഴിഞ്ഞിരിക്കുക എന്നീ ലക്ഷണങ്ങൾ ഒരു വയസ്സിന്‌ താഴെയുള്ള കുഞ്ഞുങ്ങളിൽ ഏറെ ശ്രദ്ധയർഹിക്കുന്നു. തീർച്ചയായും സമയം കളയാതെ ഇവരെ ആശുപത്രിയിൽ എത്തിക്കണം.

അപ്പോൾ വയറിളക്കം തുടങ്ങുമ്പോൾ തൊട്ട്‌ വീട്ടിൽ ചെയ്യേണ്ടുന്നത്‌ എന്തെല്ലാമാണ്‌? മുലയൂട്ടുന്ന കുഞ്ഞുങ്ങൾക്ക്‌ കൂടുതൽ തവണ മുലപ്പാൽ നൽകുക. ഛർദ്ദിക്കും/വയറിളകും എന്ന്‌ കരുതി മുലപ്പാൽ നൽകാതിരിക്കരുത്‌. ധാരാളം തിളപ്പിച്ചാറിയ വെള്ളം കൊടുക്കുക, ജ്യൂസുകളും കരിക്കിൻവെള്ളവും കഞ്ഞിവെള്ളവുമെല്ലാം നൽകുക. നന്നായി വേവിച്ച വേഗം ദഹിക്കുന്ന ഭക്ഷണം നൽകുക. വെള്ളത്തോടൊപ്പം ധാതുലവണങ്ങളും വളരെയേറെ നഷ്‌ടമാകുമെന്നതിനാൽ അവയും കൃത്യമായി പുനസ്‌ഥാപിക്കേണ്ടതുണ്ട്‌. ഈ ആവശ്യത്തിനാണ്‌ ഓറൽ റീഹൈഡ്രേഷൻ സൊലൂക്ഷൻ എന്ന ഓആർഎസ്‌ നൽകുന്നത്‌. കടയിൽ ലഭിക്കുന്ന ഓആർഎസ്‌ പൊടി ഒരു ലിറ്റർ തിളപ്പിച്ചാറിയ വെള്ളത്തിൽ ചേർത്ത്‌ മൂടി വെക്കാം. ഓരോ തവണ വയറിളക്കം/ഛർദ്ദി ഉണ്ടായ ശേഷവും ഓരോ ഗ്ലാസ്‌ വീതം കുടിക്കാം. ഒരു തവണ ഉണ്ടാക്കിയ ഓആർഎസ്‌ ഇരുപത്തിനാല്‌ മണിക്കൂർ വരെ ഉപയോഗിക്കാം. അതിന്‌ ശേഷം പുതിയതുണ്ടാക്കണം. ഇനി വീട്ടിൽ ഓആർഎസ്‌ പൊടി ലഭ്യമല്ലെങ്കിലോ? ഒരു ഗ്ലാസ്‌ തിളപ്പിച്ചാറിയ വെള്ളത്തിൽ അര ടീസ്‌പൂൺ പഞ്ചസാരയും ഒരു നുള്ള്‌ ഉപ്പും ചേർത്ത്‌ കുടിച്ചാൽ മതിയാകും. ഉപ്പിട്ട കഞ്ഞിവെള്ളവും സമാനമായ ഉത്തമപാനീയമാണ്‌.

തുടർച്ചയായ ഛർദ്ദി കൊണ്ട്‌ ഒറ്റത്തവണയായി ഒരു ഗ്ലാസ്‌ വെള്ളം ഒന്നിച്ച്‌ കൊടുക്കാനാവാത്ത കുഞ്ഞുങ്ങൾക്ക്‌ അഞ്ച്‌ മിനിറ്റിലും ഓരോ സ്‌പൂൺ വെള്ളം വീതം നൽകുക. അതവർ വലിയ ബുദ്ധിമുട്ടില്ലാതെ കുടിച്ചോളും. കഴിവതും ഫലങ്ങൾ നൽകാതെ പകരം ജ്യൂസ്‌ നൽകാൻ ശ്രദ്ധിക്കാം. പഴങ്ങളിലെ നാരുകൾ മലത്തിന്റെ അളവ്‌ കൂട്ടി കാര്യങ്ങൾ കുഴപ്പത്തിലാക്കിയേക്കാം. വയറിളക്കം ആകെ മൊത്തം കുഴപ്പമാണെന്ന്‌ ഇപ്പോൾ ഏതാണ്ടൊരു രൂപം കിട്ടിക്കാണുമല്ലോ. ‘മലം പോയാൽ ബലം പോയി’ എന്ന്‌ അത്തരത്തിൽ കുറേ തവണ ലൂസ്‌മോഷനായി വയ്യാണ്ടായ ഏതേലും പഴമക്കാർ പറഞ്ഞുണ്ടാക്കിയതാവണം !

.
വാൽക്കഷ്‌ണം :
നവജാതശിശൂന്‌ അമ്മിഞ്ഞ കൊടുത്താൽ അപ്പോൾ തന്നെ അപ്പിയിടുന്നുണ്ടോ? അതും, ഒന്നല്ല പല തവണ? കുഞ്ഞ്‌ കുടിക്കുന്ന പാൽ അപ്പഴേ വയറ്റീന്ന്‌ പോകുന്നു, എന്റെ കുഞ്ഞിന്റെ ദേഹത്ത്‌ ഒന്നും പിടിക്കുന്നില്ലല്ലോ എന്നാണോ നിങ്ങളുടെ ആധി? ഇത്‌ തികച്ചും അനാവശ്യമായ ഒന്നാണ്‌. കുഞ്ഞുങ്ങളുടെ കുടലും മലാശയവുമെല്ലാം ഇത്തിരിയിടത്ത്‌ തൊട്ടു കിടക്കുന്നതിനാൽ വയറിനകത്ത്‌ പാലെത്തിക്കുന്ന ‘പെരിസ്‌റ്റാൾസിസ്‌’ എന്ന ദഹനവ്യൂഹത്തിന്റെ ചലനം പാല്‌ ആമാശയത്തിൽ എത്തുന്നതിനോടൊപ്പം കുടലിന്റെ അങ്ങേയറ്റത്തും എത്തും. പാല്‌ ആമാശയത്തിലെത്തുന്ന അതേ നേരത്ത്‌ മലം പുറത്തേക്ക്‌ പോകും. അത്രേള്ളൂ. അപ്പോൾ കുടിച്ച പാലല്ല പുറത്ത്‌ പോകുന്നത്‌. എന്നാൽ, മുലയൂട്ടും തോറും തുടർച്ചയായ ഛർദ്ദി, വയറിളക്കം, വയറുസ്‌തംഭനം, നിർത്താതെയുള്ള കരച്ചിൽ തുടങ്ങിയവ മുലപ്പാലിലെ ലാക്‌ടോസിനോടുള്ള പ്രതിപ്രവർത്തനമാകാം. അങ്ങനെയൊരവസ്‌ഥയുള്ളതായി തോന്നിയാൽ എത്രയും വേഗം കുഞ്ഞിനെയുമായി ചെന്ന്‌ പീഡിയാട്രീഷ്യനെ കാണുക. ആധി പിടിച്ച്‌ അമ്മക്ക്‌ കൂടി വ്യാധിയാകരുത്‌.