ലക്ഷദ്വീപ് എംപിയുടെ ലോക്‌സഭ അംഗത്വം നഷ്‌ടവും ഒപ്പം അയോഗ്യതയും

കൊച്ചി. ഹൈക്കോടതിയിലുള്ള അപ്പീലിൽ ഉടൻ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വധശ്രമക്കേസിൽ 10 വർഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ലോക്‌സഭ അംഗത്വം നഷ്ടമാകും. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽനിന്നും അയോഗ്യനാക്കും.

എംപിയെ ശിക്ഷിച്ചത് ലോക്‌സഭാ സ്പീക്കറെയും ആഭ്യന്തര വകുപ്പ് സെക്രട്ടറിയെയും അറിയിക്കണമെന്ന് വിധിപറഞ്ഞ കവരത്തി സെഷൻസ് കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന് നിർദേശം നൽകി. ആന്ത്രോത്ത് പോലീസ് 2009-ൽ രജിസ്റ്റർചെയ്ത കേസിലാണ് മുഹമ്മദ് ഫൈസലിനെ (40) ശിക്ഷിക്കുകയും ബുധനാഴ്ച കണ്ണൂർ ജയിലിലെത്തിക്കുകയുംചെയ്തത്.

Loading...

കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ സംഘംചേർന്ന് ക്രൂരമായി മർദിച്ചെന്നായിരുന്നു കേസ്. ഒന്നാംപ്രതിയും അധ്യാപകനുമായ ആന്ത്രോത്ത് പടിപ്പുരവീട്ടിൽ സെയ്ദ് മുഹമ്മദ് നൂറുൽ അമീൻ (43) മുഹമ്മദ് ഫൈസലിന്റെ സഹോദരനാണ്. പടിപ്പുരവീട്ടിൽ മുഹമ്മദ് ഹുസൈൻ തങ്ങൾ (54), ശേഖരിയമ്മാടവീട്ടിൽ മുഹമ്മദ് ബഷീർ തങ്ങൾ (52) എന്നിവരും എം.പി.യുടെ അടുത്ത ബന്ധുക്കളാണ്.

ഇവരും 10 വർഷം കഠിനതടവ് അനുഭവിക്കണം. 37 പ്രതികളുണ്ടായിരുന്ന കേസിൽ ബാക്കിയെല്ലാവരെയും കോടതി വെറുതെവിട്ടു. സുപ്രീംകോടതിയുടെ 2013-ലെ വിധിപ്രകാരം കോടതി ശിക്ഷിക്കുന്ന നിമിഷംതന്നെ ഒരു എംപിക്ക് അംഗത്വം നഷ്ടമാകും.