പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയ യുവതിയോട് കാമുകന്റെ പ്രതികാരം

പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയ യുവതിയോട് മുന്‍ കാമുകന്റെ പ്രതികാരം. പ്രണയബന്ധത്തിലായിരുന്ന സമയം പകര്‍ത്തിയ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവയ്ക്കുകയും യുവതിയെ ഭീഷണിപ്പെടുത്തുകയുമാണ് 29കാരന്‍ ചെയ്തത്.

സംഭവത്തില്‍ 24കാരിയുടെ പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ജയ്പൂരിലാണ് സംഭവം. ജിതേന്ദ്ര കുമാര്‍ മാലിക്ക് എന്ന യുവാവാണ് പിടിയിലായത്.

Loading...

യുവാവും താനും തമ്മില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രണയത്തിലായിരുന്നുവെന്ന് യുവതി പറയുന്നു. ഈ സമയങ്ങളില്‍ ജിതേന്ദ്ര താനുമായി അടുത്ത് ഇടപെടുന്നതിന്റെയും മറ്റും ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം താനറിഞ്ഞിരുന്നില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.

എന്നാല്‍ പ്രണയബന്ധം അവസാനിച്ചതോടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുമെന്ന് പലപ്പോഴും ജിതേന്ദ്ര ഭീഷണിപ്പെടുത്തിയിരുന്നെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കി.

തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചതോടെയാണ് ജിതേന്ദ്രയുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് ജിതേന്ദ്ര ഒരു ഫേക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും ഇതിലൂടെ ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയുമായിരുന്നു. പ്രണയബന്ധത്തില്‍ നിന്നും യുവതി പിന്മാറിയതിലുള്ള പ്രതികാരമായിരുന്നു ഇയാളുടെ നടപടിയെന്ന് പോലീസ് പറയുന്നു.

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ തന്റെ ബന്ധുക്കളില്‍ ഒരാള്‍ ഇൗ ചിത്രങ്ങള്‍ കാണുകയും തന്റെ വീട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. ഇങ്ങനെയാണ് താനും വിവരം അറിഞ്ഞതെന്നും പിന്നീട് പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നെന്നും യുവതി പറഞ്ഞു.