ചുരിദാർ ഇഷ്ടമായില്ല, കാമുകിയുടെ കരണത്തടിച്ച് കാമുകൻ

കാമുകീ കാമുകൻമാര്‍ തമ്മിലുള്ള അടിയും വഴക്കും വക്കാണവുമൊന്നും നാട്ടിൽ പുതുമയുള്ള കാര്യമല്ല. പലപ്പോഴും അത്തരം ഫൈറ്റുകൾ അതിരു വിടുമ്പോഴാണ് പല ബന്ധങ്ങളും രണ്ട് വഴിക്ക് പിരിയുന്നത്. അതെല്ലാം സഹിക്കാം ഇത്തരം തല്ലുകൂടലുകൾ പൊതുനിരത്തിലേക്കും നീണ്ടാലോ. കഥമാറിയതു തന്നെ. കോട്ടയത്തെ ഒരു കാമുകനും കാമുകിയും വാർത്തകളിൽ നിറയുന്നത് അത്തരമൊരു തല്ലു കൂടലിന്റെ പേരിലാണ്. എന്നാൽ ആ ‘ഫൈറ്റിന്’ പിന്നിലുള്ള കാരണവും പിന്നാലെയെത്തിയ ട്വിസ്റ്റുമാണ് അതിനേക്കാളേറെ രസം.

ഇനി സംഭവകഥയിലേക്ക് വരാം, ചുരിദാര്‍ ഇഷ്ടമായില്ലെന്ന പേരു പറഞ്ഞ് കാമുകിയുടെ കരണം അടിച്ചു പൊളിക്കുകയായിരുന്നു നമ്മുടെ കഥാനായകൻ. എന്നാല്‍ കഥയില്‍ ട്വിസ്റ്റ് അവിടെയല്ല, കണ്ടുനിന്ന നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. അങ്ങനെ ആരും അറിയാതെ കൊണ്ടു നടന്ന പ്രണയം നാട്ടില്‍ പാട്ടായി.

Loading...

കോട്ടയത്താണ് സംഭവം അരങ്ങേറിയത്. ഇരുവരും ഒരേ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. കോളേജിലെത്തിയ യുവതിയുടെ ചുരിദാര്‍ കാമുകന് ഇഷ്ടമായില്ല എന്നതാണ് കാരണം. തുടര്‍ന്ന് ഇരുവരും തമ്മിൽ മുട്ടൻ വഴക്കായി. കാമുകന്റെ പെരുമാറ്റം ഇഷ്ടപ്പെടാതെ കാമുകി കോളേജില്‍ നിന്ന് ഇറങ്ങി. പിന്നാലെ കാമുകനും ബുള്ളറ്റ് എടുത്ത് കാമുകിയുടെ പിന്നാല വച്ചുപിടിച്ചു. സിനിമാ സ്റ്റൈലിൽ ചേസ് ചെയ്ത് കാമുകിയെ തടഞ്ഞു നിർത്തുകയും ചോദ്യം ചെയ്യാൻ തുടങ്ങുകയും ചെയ്തു. എന്നാല്‍ ഇതൊന്നും ഈ പെണ്‍കുട്ടിക്കത്ര രസിച്ചില്ല. കാമുകനെ കടന്ന് പോകാന്‍ അവള്‍ ശ്രമിച്ചു. ഇതിനിടെ നിയന്ത്രണം നഷ്ടമായ കാമുകന്‍ യുവതിയുടെ കരണത്തടിച്ചു. അതും നടുറോഡില്‍ വെച്ച്.

അടികൊണ്ട് പുളഞ്ഞകാമുകി നടുറോഡിൽ വച്ച് അലമുറയിട്ടു കരയാന്‍ തുടങ്ങിയതോടയാണ് കഥയിലെ ട്വിസ്റ്റ് ആരംഭിക്കുന്നത്. നാട്ടുകാര്‍ ഓടിക്കൂടി. എന്നാല്‍ സംഗതി കൈവിട്ടെന്നു മനസിലായ ഇരുവരും വേഗം സ്ഥലം കാലിയാക്കി. യുവാവ് ഉടന്‍ ബുള്ളറ്റില്‍ പാഞ്ഞു, യുവതികോളേജിലേയ്ക്കും ഓടി.

അതേസമയം സംഭവം കണ്ടു നിന്ന നാട്ടുകാരില്‍ ഒരാള്‍ വിവരം ഡിവൈഎസ്പിയെ വിവരംഅറിയിച്ചു. ഓപ്പറേഷന്‍ ഗുരുകുലം നോഡല്‍ ഓഫീസറായ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ കെആര്‍ അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെയോ യുവാവിനെയോ കണ്ടെത്താന്‍ സാധിച്ചില്ല. സമീപത്തെ കടയിലെ വ്യക്തി നല്‍കിയ സൂചന പ്രകാരം ബൈക്കിന്റെ നമ്പര്‍ പോലീസ് കണ്ടെത്തി. നഗരത്തിലെ കോളേജ് വിദ്യാര്‍ത്ഥിയുടേതാണ് ബുള്ളറ്റെന്ന് കണ്ടെത്തിയ പോലീസ്, ഇയാളെ പിടികൂടി. തന്റെ സുഹൃത്താണ് ബുള്ളറ്റുമായി പോയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ബുള്ളറ്റിലെത്തിയ കാമുകനെ പോലീസ് പൊക്കി

ശേഷം കമിതാക്കളെ കണ്ടെത്തി രണ്ടു പേരുടെയും വീട്ടുകാരെയും വിളിച്ചു വരുത്തി കാര്യങ്ങളെല്ലാം ധരിപ്പിച്ചു. വിദ്യാര്‍ത്ഥിയായ കാമുകന്‍ കാമുകിയോട് കൂടുതല്‍ അധികാരം പ്രയോഗിക്കാന്‍ പോയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇരുവര്‍ക്കും താക്കീത് നല്‍കി. യുവതി പരാതിയില്ലെന്ന് പറഞ്ഞതിനാല്‍ യുവാവിനെതിരെ കേസെടുത്തില്ല.