കാമുകി മാലപൊട്ടിച്ചു, കാമുകന്‍ ജയിലിനുള്ളില്‍

പെരിന്തല്‍മണ്ണ: ആഡംബര ജീവിതത്തിനായി കമിതാക്കള്‍ പണം കണ്ടെത്താന്‍ തിരഞ്ഞെടുത്ത മാര്‍ഗം മാലപൊട്ടിക്കല്‍. വഴിയാത്രക്കാരായ സ്ത്രീകളുടെ മാല പൊട്ടിക്കുകയായിരുന്നു ഇരുവരും. കാമുകന്റെ ബൈക്കിന് പിന്നില്‍ ഇരുന്ന് മഴക്കോട്ട് അണിഞ്ഞാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി മാല പൊട്ടിക്കല്‍ നടത്തിയത്. എന്നാല്‍ ഒടുവില്‍ കാമുകന്‍ ജയിലിലുമായി കാമുകിക്ക് എതിരെ കേസുമായി.

മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ചെമ്പ്രത്ത് വീട്ടില്‍ ശ്രീരാഗാണ് (23) കാമുകന്‍. ഇയാളെയാണ് പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയുമായി ചെറുപ്പം മുതല്‍ ശ്രീരാഗ് അടുപ്പത്തിലായിരുന്നു. ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ പദ്ധതിയിട്ടിരുന്നു. ആഡംബര ജീവിതം നയിക്കാനായിട്ടാണ് കവര്‍ച്ചയ്ക്ക് ഇറങ്ങിയതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു.

Loading...

23ന് വൈകിട്ട് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് സമീപം റോഡില്‍ വച്ച് വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചെടുത്ത് ഇരുവരും രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ സിസി ടിവി ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച വിവരങ്ങളും ഇരുവര്‍ക്കും വിനയായി. മാലപൊട്ടിച്ചത് ഒരു പെണ്‍കുട്ടിയെന്ന് അറിഞ്ഞു.

ഇരുവരും വാടകയ്ക്ക് എടുത്ത കാറില്‍ വയനാട്ടിലേക്ക് കടക്കാനായിരുന്നു ശ്രമം. എന്നാല്‍ അതിന് മുമ്പ് പോലീസ് പിടിവീണു. മലപ്പുറത്തെ ജുവലറിയില്‍ ഇവര്‍ മാല വിറ്റു, ഇത് പോലീസ് കണ്ടെടുത്തു. വാടകയ്ക്ക് എടുത്ത ബൈക്കില്‍ എത്തിയായിരുന്നു മാല മോഷണം. പെണ്‍കുട്ടിക്ക് എതിരെ കേസ് എടുത്ത ശേഷം വീട്ടുകാര്‍ക്ക് ഒപ്പം വിട്ടയച്ചു.