ആൻഡമാൻ കടലിൽ ന്യൂനമർദം രൂപപ്പെട്ടു: കേരളത്തെ ന്യൂനമർദം സ്വാധീനിക്കാനുള്ള സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ആൻഡമാൻ കടലിൽ ന്യൂനമർദം രൂപപ്പെട്ടു. എന്നാൽ ഈ ന്യൂനമർദ്ദം കേരളത്തെ ന്യൂനമർദം സ്വാധീനിക്കാനുള്ള സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. ദക്ഷിണ ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി 2020 മെയ് 1 ന് പകൽ ഒരു ന്യൂനമർദം രൂപം കൊണ്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വളരെ പതുക്കെ മാത്രമാണ് ന്യൂനമർദം ശക്തി പ്രാപിക്കുന്നത്. അടുത്ത 48 മണിക്കൂറിൽ ന്യൂനമർദം ശരിയായ രീതി വികസിക്കുകയും ശേഷമുള്ള 48 മണിക്കൂറിൽ അതൊരു ശക്തമായ ന്യൂനമർദം (Depression) ആയി മാറുമെന്നും പ്രതീക്ഷിക്കുന്നു. മെയ് 5 വരെ വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയിൽ ന്യൂനമർദം സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂനമർദത്തിന്റെ പ്രഭാവം ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ 5 ദിവസം വരെ തുടരാൻ സാധ്യതയുണ്ട്. ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും അതുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ സാധ്യതയുള്ള മോശം കാലാവസ്ഥയും കേന്ദ്ര കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

Loading...

കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും തുടർന്നുള്ള അപ്‌ഡേറ്റുകൾ ശ്രദ്ധിക്കുക. പുറപ്പെടുവിക്കുന്ന മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം കർശനമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്. നിലവിൽ കേരളത്തെ ഈ ന്യൂനമർദം സ്വാധീനിക്കാനുള്ള സാധ്യതയില്ല. തെറ്റായ വാർത്തകളും വ്യാജപ്രചാരണവും നടത്താതിരിക്കുക. ഔദ്യോഗിക സന്ദേശങ്ങൾ മാത്രം അനുസരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കുന്നു.