സി.ലൂസി കളപ്പുര ആത്മകഥ എഴുതുന്നു… സഭയില്‍ കൊടുങ്കാറ്റാകും; പല വിഗ്രഹങ്ങളും ഉടഞ്ഞുവീഴുമെന്ന് പ്രസാധകര്‍

കൊച്ചി: സി.ലൂസി കളപ്പുര ആത്മകഥ എഴുതുന്നു. സഭയ്ക്കുള്ളില്‍ നിന്നും മഠത്തിനുള്ളില്‍ നിന്നും തുടര്‍ച്ചയായ നീതി നിഷേധിക്കുന്ന സാഹചര്യത്തിലാണ് പുസ്തക രചനയിലുടെ സഭയിലെ ഉള്ളിലുള്ള കഥകള്‍ പുറത്തുവിടാന്‍ സി.ലൂസി തീരുമാനിച്ചത്.

പുസ്തകത്തിന്റെ കയ്യെഴുത്തു പ്രതി പൂര്‍ത്തിയായെന്നും പ്രസാധകര്‍ക്ക് കൈമാറിയതായും സി.ലൂസി പ്രതികരിച്ചു. സഭയിലെ തെറ്റായ പ്രവണതകള്‍ തുറന്നുകാട്ടുമെന്നും സി.ലൂസി പറഞ്ഞു.

Loading...

പ്രസാധകരായ പൈന്‍ ബുക്ക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മുഴുവന്‍ രേഖകളും തെളിവുകളുടെ അടിസ്ഥാനത്തില്‍ ലഭ്യമാക്കിയെന്ന് പ്രസാധകന്‍ മിള്‍ട്ടണ്‍ ഫ്രാന്‍സിസ് പറഞ്ഞു.

കയ്യെഴുത്തുപ്രതി മഠത്തില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ തന്നെ നേരിട്ട് വിളിച്ച് ഏല്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ഒരു ചാനലിലൂടെ വ്യക്തമാക്കി.

കത്തോലിക്കാ സഭയിലെ വൈദികരുടെ ലൈംഗിക ചൂഷണം അടക്കമുള്ളവ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുസ്തകത്തിലുണ്ടാകും. വലിയ കൊടുങ്കാറ്റ് ആയിരിക്കുമെന്നും ഇതുവരെ മനസ്സില്‍ സൂക്ഷിച്ചിരുന്ന പല വിഗ്രഹങ്ങളും ഉടഞ്ഞുവീഴുമെന്നും പ്രസാധകന്‍ പറഞ്ഞു.

സി.ലൂസിയെ കാണാന്‍ മഠത്തിലെത്തിയവരുടെ സിസിടിവി ദൃശ്യമെടുത്ത് മോശമായ രീതിയില്‍ വളച്ചൊടിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പുറത്തുവിട്ട മാനന്തവാടി രൂപത പി.ആര്‍.ഒ ടീം അംഗമായ ഫാ.നോബിന്‍ തോമസ് പാറയ്ക്കലിനെതിരെ രാവിലെ രംഗത്തെത്തിയിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമങ്ങളിലുടെ അധിക്ഷേപിച്ചതിനും വൈദികനെതിരെ പരാതി നല്‍കുമെന്നാണ് സി.ലൂസി വ്യക്തമാക്കിയത്.