രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണം നല്‍കുന്ന ഊട്ടുപുര പദ്ധതിയ്ക്ക് ഒരു കോടി രൂപ നല്‍കി എംഎ യൂസഫലി

എറണാകുളം ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണം നല്‍കുന്ന ഊട്ടുപുര പദ്ധതിയ്ക്ക് ഒരു കോടി രൂപ നല്‍കി എംഎ യൂസഫലിയുടെ കാരുണ്യ സ്പര്‍ശം.

ആറു വര്‍ഷം മുമ്പ് പി രാജീവ് പാര്‍ലമെന്റ് മെമ്പറായിരിക്കെയാണ് ഊട്ടുപുര പദ്ധതി തുടങ്ങിയത്. ഒരു ദിവസത്തെ ഭക്ഷണത്തിന് 50000 രൂപ ചിലവ് വരുന്നുണ്ട്. ഊട്ടുപുരയ്ക്കുള്ള ധനസമാഹരണാര്‍ത്ഥം വര്‍ഷാവര്‍ഷം ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ (ഐഎംഎ) കൊച്ചി ശാഖ സംഘടിപ്പിച്ചു വരുന്ന ഹരിതം ജീവനം സംഗീത സന്ധ്യയോടനുബന്ധിച്ച് സിപിഐ(എം) ജില്ലാ സെക്രട്ടറി പി രാജീവിന്റെ അഭ്യര്‍ഥനയെ മാനിച്ചാണ് വ്യവസായ പ്രമുഖന്‍ എംഎ യൂസഫലി ഒരുകോടി രൂപ സംഭാവന നല്‍കുന്നത്.

Loading...

തുടക്കം മുതല്‍ ഒരു ദിവസം പോലും മുടക്കം കൂടാതെ നടന്നു വരുന്ന ഊട്ടുപുര പദ്ധതിയ്ക്കുള്ള ധന സമാഹരണം വിവിധ വ്യക്തികളുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെയും, ഐഎംഎ പോലുള്ള സംഘടനകളുടെ സഹകരണത്തോടെയുമാണ് നടക്കുന്നത്. ഇതാദ്യാമായാണ് ഒരു വ്യക്തി ഇത്രയും വലിയ തുക ഊട്ടുപുര പദ്ധതിയ്ക്ക് സംഭാവന നല്‍കുന്നത്.