പൈനായിരം രൂപ സമ്മാനം എന്ന വാചകവും ആ കുലുങ്ങി കുലുങ്ങിയുള്ള ചിരിയും. ആരെക്കുറിച്ചാണെന്ന് മനസിലായിക്കാണുമല്ലോ. അതെ എം ജി ശ്രീകുമാറിനെ കുറിച്ചു തന്നെ. അനുകരണകലയിലെ എല്ലാവരും എംജിയെ ഇങ്ങനെയാണ് ഏറ്റവുമധികം തവണ അനുകരിച്ചിട്ടുള്ളത്. ഇതൊക്കെ കണ്ട് ആര്‍ത്ത് ചിരിക്കുന്നതിനിടയില്‍ എം ജി ശ്രീകുമാറിനിതൊക്കെ ഇഷ്ടമാകുമോയെന്ന് നമ്മള്‍ ചിന്തിച്ചിട്ടില്ലേ. അതിനുള്ള ഏറ്റവും നല്ല മറുപടി അദ്ദേഹം തന്നെ തന്നിരിക്കുന്നു. തന്റെ വേഷം കെട്ടിയ ആറ് പേര്‍ക്കൊപ്പം നിന്നൊരു ഫോട്ടോയെടുത്തിരിക്കുന്നു. അതുമാത്രമല്ല, ആ പടം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്ത് ക്രിസ്മസ് ആശംസകള്‍ അറിയിച്ചിരിക്കയാണ് ഈ ഗായകന്‍.

അനുകരണകലയെ ഏറെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരാണ് മലയാളികള്‍. ഹാസ്യപരിപാടികള്‍ കാണാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. അഭിനേതാക്കളും രാഷ്ട്രീയക്കാരുമാണ് അനുകരണ കലയിലെ വീരന്‍മാരുടെ പ്രധാന ഇരകള്‍. പാട്ടുകാരുടെ ശബ്ദം അനുകരിക്കുക അത്രയ്‌ക്കെളുപ്പമല്ലല്ലോ. എന്നിരുന്നാലും സ്റ്റേജില്‍ നിന്ന് തകര്‍ത്ത് പാടുന്ന ഗായകരെയെല്ലാം ഇവര്‍ വെറുതെ വിടാറില്ല. പ്രത്യേകിച്ച് എംജി ശ്രീകുമാറിനെ, എന്നാല്‍ ഇതെല്ലാം ആസ്വദിച്ച് മുന്നേറുകയാണ് അദ്ദേഹം.

Loading...