എം ശിവശങ്കര്‍ ആശുപത്രിയില്‍ തുടരും, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മടങ്ങി

തിരുവനന്തപുരം: ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയനുമായ എം. ശിവശങ്കര്‍ ആശുപത്രിയില്‍ തുടരും. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോകുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.

തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ അദ്ദേഹത്തെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശിവശങ്കറിന്റെ ഭാര്യ നെഫ്രോളജിസ്റ്റായി ജോലി ചെയ്യുന്ന ആശുപത്രിയാണിത്. നിലവില്‍ കാര്‍ഡിയാക്ക് ഐ.സി.യുവിലാണ് ശിവശങ്കറുള്ളത്.  ഇ.സി.ജിയില്‍ നേരിയ വ്യത്യാസം ഉണ്ടെന്നാണ് വിവരം. ആശുപത്രിയിലുണ്ടായിരുന്ന ഡെപ്യൂട്ടി കസ്റ്റംസ് കമ്മീഷണര്‍ രാമമൂര്‍ത്തി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ മടങ്ങി.

Loading...

ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റിനു നീക്കമുണ്ടായിരുന്നെന്നാണ് സൂചന. ജൂലൈ 14 നാണ് കേസിൽ കസ്റ്റംസ് സംഘം ആദ്യം ശിവശങ്കറിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിനെത്താൻ ആവശ്യപ്പെടുന്നത്. എന്നാൽ അന്ന് അദ്ദേഹത്തിന്റെ സ്വന്തം വാഹനത്തിൽ തന്നെ ചോദ്യം ചെയ്യലിനെത്താൻ അനുവദിച്ചിരുന്നു.

ഇത്തവണ ഇതിൽ നിന്ന് മാറി കസ്റ്റംസ് വാഹനത്തിൽ തന്നെ ശിവശങ്കറുമായി കസ്റ്റംസ് സംഘം പുറപ്പെടുകയായിരുന്നു. വിദേശത്തെ പണമിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ശിവശങ്കറിനു പുതിയതായി നോട്ടിസ് നൽകിയതെന്നാണ് വിവരം. പുതിയ കേസായി ഇത് റജിസ്റ്റർ ചെയ്തു മുന്നോട്ടു പോകാനാണ് കസ്റ്റംസ് നീക്കമെന്നും അറിയുന്നു. വ്യാഴാഴ്ച ശിവശങ്കറിനെ എട്ടു മണിക്കൂറോളം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. അതേസമയം എന്‍.ഐ.എയുടെ ഒരു ഉദ്യോഗസ്ഥനും ആശുപത്രിയിലെത്തി.