ശിവശങ്കറിന് ഹൃദയസംബന്ധമായ അസുഖങ്ങളില്ല, മെഡിക്കൽ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം: കസ്റ്റംസ് ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കരമനയിലെ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ വേണമെന്ന വിലയിരുത്തലിലാണ് നടപടി. കടുത്ത നടുവേദനയെന്ന് ശിവശങ്കർ ഡോക്ടർമാരോട് പറഞ്ഞിരുന്നു. പരിശോധനയിൽ ഡിസ്ക് തകരാർ കണ്ടെത്തി. അതേസമയം, ശിവശങ്കറിന് ഹൃദയസംബന്ധമായ അസുഖങ്ങളില്ല. രക്തസമ്മർദം സാധാരണനിലയിലാണെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. മറ്റൊരു ആശുപത്രിയിൽ കൂടി പരിശോധന വേണമെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് എം ശിവശങ്കറിനെ പ്രവേശിപ്പിച്ചത്. ഉച്ചക്ക് ശേഷമാണ് ആശുപത്രി മാറ്റത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. ശിവശങ്കറിനെ പ്രവേശിപ്പിച്ച ബ്ലോക്കിന് സമീപത്തേക്ക് ആംബുലൻസ് എത്തിച്ചു. പിന്നീട് നടപടി ക്രമങ്ങൾ ബാക്കിയാണെന്ന് അറിയിച്ച് വാഹനം മാറ്റിയിട്ടു. തുടർന്ന് രണ്ടേകാലിന് ശേഷമാണ് എം ശിവശങ്കറിനെ പുറത്തെത്തിച്ചത്. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ മർദ്ദിച്ചു.

Loading...

രാവിലെ ആൻജിയോഗ്രാം പൂർത്തിയാക്കിയ ശിവശങ്കറിൻറെ ആരോഗ്യ നില തൃപ്തികരമാണ്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. എന്നാൽ നട്ടെല്ലിന് വേദനയുണ്ടെന്ന് എം ശിവശങ്കർ പറയുന്നുണ്ട്. ഇതിൽ വിദഗ്ധ പരിശോധന വേണമെന്ന് ഡോക്ടർമാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടത്. ആൻജിയോഗ്രാമിൽ കാര്യമായ പ്രശ്നങ്ങളില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇസിജിയിൽ നേരിയ വ്യത്യാസം ഉണ്ട്. രക്തസമ്മർദ്ദവും നിയന്ത്രണ വിധേയമാണ്. എംആര്ഐ സ്കാൻ അടക്കമുള്ള പരിശോധനകൾ നടത്തിയെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.