ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറെ പ്രതി ചേര്‍ത്തു. ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കര്‍ നാലാം പ്രതിയാണ്. ശിവശങ്കറിനെതിരെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. കള്ളക്കടത്തില്‍ ശിവശങ്കര്‍ നേരിട്ട് പങ്കാളിയായതായി തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളാണ് ഇതില്‍ നിര്‍ണ്ണായകമായത്. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ഈ മാസം ഏഴാം തീയതിവരെ കസ്റ്റഡിയില്‍ വിട്ടിരുന്നു.ഇന്ത്യന്‍ കറന്‍സി ഡോളറാക്കി മാറ്റാന്‍ ശിവശങ്കറിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന മൊഴി.കുറ്റകൃത്യത്തിനു പിന്നില്‍ വമ്പന്‍ സ്രാവുകളുടെ പേരുകളുണ്ടെന്നു കോടതി സൂചിപ്പിച്ചു.
ഉന്നതപദവിയിലിരിക്കുന്നവര്‍ ഡോളര്‍ കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവെന്നത് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.കസ്റ്റഡിയില്‍ വാങ്ങിയതിന് ശേഷം സ്വപ്നയേയും സരിത്തിനേയും ശിവശങ്കറിനൊപ്പം ഇരുത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.ശിവശങ്കര്‍ ഉള്‍പ്പടെ മറ്റ് പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരെ ഏഴുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഡോളര്‍ക്കടത്ത് കേസില്‍ ശിവശങ്കറിന്റെ അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷമായിരുന്നു കസ്റ്റംസിന്റെ വാദം.എന്നാല്‍ സ്വപ്നയുടെ മൊഴി നിഷേധിച്ച ശിവശങ്കര്‍ ഡോളര്‍ കടത്തില്‍ തനിക്ക് പങ്കില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ശിവശങ്കറിനോടൊപ്പം നാലു തവണ യാത്ര ചെയ്തപ്പോഴും ഡോളര്‍ കടത്തിയിട്ടുണ്ടെന്ന് സ്വപ്ന ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊഴി നല്‍കിയിരുന്നു.