പത്തര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ: എം ശിവശങ്കറിനെ ചോദ്യം ചെയ്‍ത് വിട്ടയച്ചു; ശിവശങ്കര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി: സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്തേക്കും

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. പത്തര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. ചോദ്യം ചെയ്യൽ പൂർത്തിയായതിനെ തുടർന്ന് അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരികെ പോയി. തുടർച്ചയായ രണ്ടാം ദിവസമാണ് ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നത്. രാവിലെ പത്ത് മണിക്കാണ് ശിവശങ്കറിനെ ചോദ്യംചെയ്യാൻ ആരംഭിച്ചത്.

സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം കിട്ടിയശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് എൻഐഎയുടെ നീക്കം. ചോദ്യംചെയ്യലിന് ശേഷം കൊച്ചി എൻഐഎ ഓഫീസിൽ നിന്ന് ശിവശങ്കർ തിരുവനന്തപുരത്തേക്ക് മടങ്ങി. അതേസമയം സെക്രട്ടറിയേറ്റിന് സമീപമുള്ള ഫ്ലാറ്റ് സ്വപ്നയുടെ ഭർത്താവിന് വാടകക്കു നൽകിയ ഇടനിലക്കാരൻറെ മൊഴി എൻഐഎ രേഖപ്പെടുത്തി . അരുൺ ബാലചന്ദ്രൻ വഴിയാണ് സുരേഷ് എന്നയാളിൽ നിന്നും ഫ്ലാറ്റ് വാടകക്കെടുത്ത്. ഈ ഫ്ലാറ്റിലാണ് കള്ളക്കടത്ത് കേസിലെ പ്രതികൾ താമസിച്ചത്. സുരേഷിൻറെ ഫോണും എൻഐഎ കസ്റ്റഡിയിലെടുത്തു.

Loading...

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എം ശിവശങ്കറിനെ ആദ്യം കസ്റ്റംസും പിന്നീട് എൻഐഎയും തിരുവനന്തപുരത്ത് ചോദ്യം ചെയ്തിരുന്നു. അതിന് ശേഷം കൊച്ചിയിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു, കള്ളക്കടത്ത് കേസുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടെന്ന് തെളിഞ്ഞാൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ കാത്തിരിക്കുന്നത് അറസ്റ്റ് അടക്കമുള്ള നടപടികളാണ്.