സ്വർണക്കള്ളക്കടത്ത്: മുന്‍ ഐ.ടി സെക്രട്ടറി ശിവശങ്കറിനെ സര്‍വീസില്‍നിന്നും സസ്പെന്‍റ് ചെയ്തു

തിരുവനന്തപുരം: മുന്‍ ഐ.ടി സെക്രട്ടറി ശിവശങ്കറിനെ സര്‍വീസില്‍നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഓൾ ഇന്ത്യാ സർവീസിന് നിരക്കാത്ത കാര്യങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി എന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് ചീഫ് സെക്രട്ടറിയും അടങ്ങിയ സമിതി റിപ്പോർട്ട് നൽകി. അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാൻ തീരുമാനിച്ചതായും വകുപ്പുതല അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2000ലാണ് ശിവശങ്കറിന് സ്ഥാനക്കയറ്റത്തിലൂടെ ഐ.എ.എസ് ലഭിക്കുന്നത്. ഐ.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിക്കവെയാണ് സ്വര്‍ണകടത്തില്‍ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ശക്തമായ ആരോപണം ഉയരുന്നത്. നയതന്ത്ര ബാഗ് വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിലെ പ്രതികളുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയതിന് പിന്നാലെയാണ് നടപടി. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട ചട്ടങ്ങൾ ശിവശങ്കർ ലംഘിച്ചെന്നാണ് സർക്കാർ നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. സ്ഥിതിഗതികളെ കുറിച്ച് മുഖ്യമന്ത്രി സിപിഎം നേതാക്കളുമായും സിപിഐ മന്ത്രിമാരുമായും നേരത്തെ ചർച്ചനടത്തിയിരുന്നു.

Loading...

സ്വ‍ർണ്ണക്കടത്ത് കേസിലെ പ്രതികളും ശിവശങ്കരനുമായുള്ള ബന്ധത്തിൻറെ പല തെളിവുകളും പുറത്തുവന്നിട്ടും ശിവശങ്കരനെതിരെ നടപടി വൈകുന്നത് വലിയ വിവാദമായിരുന്നു.